വടക്കേക്കാട്: തൃശ്ശൂർ വടക്കേക്കാട് മണികണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ക്ഷേത്രത്തിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രദീപ്–സജിത ദമ്പതികളുടെ മക്കളായ സായ്ദീപ്, സായ്കൃഷ്ണ എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെ ക്ഷേത്രക്കുളത്തിന് സമീപം കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടെത്തി. തുടർന്ന് കുളത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരെയും കണ്ടെത്തിയത്.

നാട്ടുകാരും പൊലീസും ചേർന്ന് കുട്ടികളെ പുറത്തെടുത്ത് സമീപത്തെ ശാന്തി നഴ്സിങ് ഹോമിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും തിരുവളയന്നൂർ സ്കൂളിലെ വിദ്യാർഥികളായിരുന്നു. സായ്ദീപ് മൂന്നാം ക്ലാസിലും സായ്കൃഷ്ണ ഒന്നാം ക്ലാസിലുമാണ് പഠിച്ചിരുന്നത്.

സഹോദരങ്ങളുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും പ്രദേശവാസികളെയും ദുഃഖത്തിലാഴ്ത്തി.