
തൃശൂർ കാറളത്ത് അരീമ്പിള്ളിയിൽ വയോധികയെ വീട്ടിനുള്ളിൽ കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്നും 16 പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർന്നതായാണ് വിവരം. കഴുത്തിലും കൈകളിലും ബലപ്രയോഗം നടന്നതിന്റെ പാടുകളുണ്ടെന്നും കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.
സംഭവസമയത്ത് വയോധികയായ സാവിത്രി വീട്ടിൽ തനിച്ചായിരുന്നുവെന്നാണ് റിപ്പോർട്ട്. സ്കൂൾ വിട്ട് വീട്ടിലെത്തിയ പേരക്കുട്ടിയാണ് മുത്തശ്ശിയെ മരിച്ച നിലയിൽ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സാവിത്രി ധരിച്ചിരുന്ന അഞ്ച് സ്വർണവളകൾ, അഞ്ച് പവൻ തൂക്കമുള്ള സ്വർണമാല, മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്.
കൊലയാളി തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വീടിനുള്ളിൽ മുളകുപൊടി വിതറിയതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് പൊലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതിക്കായിട്ടുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.







