തൃശൂർ: കുന്നംകുളം മരത്തംകോട് വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ 41കാരനായ അതിഥി തൊഴിലാളിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ബിഹാർ സ്വദേശിയായ മുഹമ്മദ് മുംതാബ് മിയാനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ റോഷൻ കാത്തൂണിനെയും ബിഹാർ സ്വദേശിയായ ഹസന്നാൻ (38) എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

മരത്തംകോട് പുതിയമാത്തൂർ ചിറപ്പുറത്തെ വാടക ക്വാർട്ടേഴ്സിൽ രാവിലെ ഏഴരയോടെയാണ് മുഹമ്മദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഭാര്യയും കുടുംബാംഗങ്ങളും ആദ്യം പറഞ്ഞിരുന്നു. എന്നാൽ മൃതദേഹത്തിന്റെ കഴുത്തിൽ കണ്ട പാടുകൾ പോലീസിൽ സംശയമുണർത്തി. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്.

തോർത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കിയെന്നും മുഖവും വായയും പൊത്തിപ്പിടിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മുഹമ്മദിന്റെ ഭാര്യയും ഹസന്നാനും ചേർന്ന് ആസൂത്രണം ചെയ്ത് കൊലപാതകം നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന മുഹമ്മദ് മുംതാബും കുടുംബവും എട്ടുവർഷം മുമ്പാണ് ജോലിക്കായി ബിഹാറിൽനിന്ന് തൃശൂരിലെത്തിയത്. കുന്നംകുളം പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.