ബിഎസ്എൻഎൽ ബോക്സുകളിൽ മോഷണം; തൃശൂരിൽ ആറംഗ സംഘം പിടിയിൽ.

തൃശൂർ: ഉത്തർപ്രദേശിൽ നിന്ന് ഫ്ലൈറ്റിലും ട്രെയിനിലുമായി കേരളത്തിലെത്തി ബിഎസ്എൻഎൽ ബോക്സുകളിൽ നിന്ന് ചിപ്പുകളും കോപ്പർ വയറുകളും മോഷ്ടിച്ച ആറംഗ സംഘം തൃശൂരിൽ പിടിയിൽ. മോഷണം നടത്തുന്നതിനായി പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

തൊഴിലാളികളുടെ വേഷത്തിലെത്തി ആരുടെയും സംശയത്തിനിട യാക്കാതെയായിരുന്നു സംഘം മോഷണം നടത്തിയിരുന്നത്. തൃശൂർ പറവട്ടാനിയിൽ ബിഎസ്എൻഎൽ ബോക്സുകൾ അഴിച്ചെടുക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. ബിഎസ്എൻഎൽ ബോക്സുകളിൽ നിന്ന് വയറുകളും ചിപ്പുകളും അഴിച്ച് ചാക്കിലാക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചായക്കടയ്ക്കു സമീപമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് വിവരം നാട്ടുകാരെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘത്തിലെ ചിലർ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ആറംഗ സംഘത്തിലേക്ക് എത്തിയത്.

മോഷണത്തിനായി ഉത്തർപ്രദേശിൽ നിന്ന് ട്രെയിനിൽ കേരളത്തിലെത്തിച്ച നമ്പർ പ്ലേറ്റില്ലാത്ത ആക്സസ് സ്കൂട്ടറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലുവയിലെ ലോഡ്ജിൽ സംഘം താമസിച്ചിരുന്നതായി കണ്ടെത്തിയത്. ഒരു ദിവസത്തെ മോഷണത്തിലൂടെ ഏകദേശം 20,000 രൂപ വരെ സംഘം സമ്പാദിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.