
ഗുരുവായൂർ ക്ഷേത്രനടയിലെ വൈജയന്തി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദേവസ്വം ആരോഗ്യവിഭാഗത്തിന്റെ സ്റ്റോർമുറിയിൽ വൻ തീപിടിത്തം. ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഇവിടെ തീപിടിച്ചത്. മുറിയിലുണ്ടായിരുന്ന ശുചീകരണ സാമഗ്രികളും മരത്തിന്റെ മേശയും പൂർണ്ണമായും കത്തിനശിച്ചു. കെട്ടിടത്തിലെ വയറിങ് മുഴുവൻ കത്തിനശിക്കുകയും തീ ഭിത്തിയിലേക്ക് പടരുകയും ചെയ്തു.
കെട്ടിടമാകെ പുക നിറഞ്ഞതോടെ സമീപത്തെ കടക്കാരാണ് സംഭവം ആദ്യം അറിയുന്നത്. പുക ക്ഷേത്രനട വരെ എത്തിയിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. തീപിടിച്ച ഹാളിനോട് ചേർന്നാണ് ആയിരക്കണക്കിന് പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്ന ദേവസ്വം ബുക്ക് സ്റ്റാളിന്റെ ഗോഡൗൺ പ്രവർത്തിക്കുന്നത്. കൂടാതെ ഈ മുറിയിൽ തന്നെ ദേവസ്വത്തിന്റെ സ്റ്റീൽ പാത്രങ്ങൾ, വേസ്റ്റ് ബിന്നുകൾ, ബക്കറ്റുകൾ തുടങ്ങിയവയും സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
വിവരമറിഞ്ഞ് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് സ്ഥലം സന്ദർശിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തി നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷം, കേടുപാടുകൾ പരിഹരിച്ച് കെട്ടിടത്തിൽ പുതിയ വയറിങ് നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.







