തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് തൊട്ടാൽ പൊടിയുന്ന ഗുളിക നൽകിയെന്ന് പരാതി

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഗുണനിലവാരമില്ലാത്ത ഗുളികകൾ നൽകിയെന്ന പരാതിയുമായി വയോധികൻ. ചേലക്കര കളപ്പാറ മങ്ങാട് സ്വദേശി ഫ്രാൻസിസിനാണ് തൊട്ടാൽ പൊടിയുന്ന നിലയിലുള്ള ഗുളികകൾ ആശുപത്രിയിൽ നിന്ന് ലഭിച്ചതായി പരാതി ഉയർന്നത്.

കാലിലെ ഞരമ്പിനെ ബാധിക്കുന്ന രോഗത്തിന് സ്ഥിരമായി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നയാളാണ് ഫ്രാൻസിസ്. ഒക്ടോബർ രണ്ടിന് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിയ ശേഷം ആശുപത്രിയിൽ നിന്ന് ലഭിച്ച ഗുളികകളിൽ ചിലത് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും തുടർന്ന് പരാതി നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സാധാരണയായി കഴിക്കുന്ന അതേ ഗുളികയാണ് ഇത്തവണയും ലഭിച്ചതെന്നും എന്നാൽ ഇത്തവണ ലഭിച്ചവ തീരെ ഗുണനിലവാരമില്ലാത്ത നിലയിലായിരുന്നുവെന്നും ഫ്രാൻസിസ് ആരോപിച്ചു.