
പോക്സോ കേസിൽ സാക്ഷി പറഞ്ഞയാളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
വടക്കേകാട്: പോക്സോ കേസിൽ സാക്ഷി പറഞ്ഞതിലുള്ള വൈരാഗ്യത്തെ തുടർന്ന് വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വൈലേപീടിക കണ്ണനായിൽ വീട്ടിൽ ഷക്കീർ (34) ആണ് വടക്കേകാട് പൊലീസിന്റെ പിടിയിലായത്.
ഈ മാസം നാലിന് രാത്രി 11 മണിയോടെ വടക്കേകാട് നാലാം കല്ലിലായിരുന്നു സംഭവം. കാരപ്പുറത്ത് ലോഹിതാക്ഷൻ (53) ആണ് ആക്രമണത്തിനിരയായത്. വീട്ടുമുറ്റത്ത് വച്ച് ഷക്കീർ കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പൊലീസ് അറിയിച്ചു.
വധശ്രമം, പോക്സോ, കഞ്ചാവ് തുടങ്ങിയ കേസുകളിലായി പ്രതിക്കെതിരെ 12ഓളം കേസുകളുണ്ടെന്നും ഇയാൾ വടക്കേകാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്നും പൊലീസ് പറഞ്ഞു. കുന്നംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചാവക്കാട് സബ് ജയിലിൽ റിമാൻഡ് ചെയ്തു.







