തൃശ്ശൂരിൽ യുവതിയെ പൊലീസ് ചമഞ്ഞ് ക്വട്ടേഷൻ സംഘം ത ട്ടിക്കൊണ്ടു പോയി കൂ ട്ടബലാത്സംഗത്തിനിരയാക്കി.

policeman-vehcle-thrissur-vartha-news-kerala-police-viyyur

തൃശ്ശൂർ: പൊലീസ് ചമഞ്ഞെത്തിയ ക്വട്ടേഷൻ സംഘം യുവതിയെയും ആൺസുഹൃത്തിനെയും ലോഡ്ജിൽ നിന്ന് തട്ടിക്കൊണ്ടു പോയി. യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതായും ആൺസുഹൃത്തിനെ ക്രൂരമായി മർദിച്ച് കൈകാലുകൾ തല്ലിയൊടിച്ച ശേഷം തമിഴ്നാട്ടിലെ ആശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ചതായും പൊലീസ്.

ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത അഞ്ചംഗ സംഘമാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ അഞ്ചു പേരെയും വിവിധയിടങ്ങളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തു.

ഏതാനും ദിവസം മുമ്പാണ് സംഭവം. തിരുപ്പൂർ സ്വദേശിയായ യുവാവും യുവതിയും തൃശ്ശൂരിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. യുവാവിന്റെ ഫോൺ ലൊക്കേഷൻ പിന്തുടർന്ന ഭാര്യ വിവരങ്ങൾ ക്വട്ടേഷൻ സംഘത്തിന് കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

തുടർന്ന് അഞ്ചംഗ സംഘം പൊലീസ് ചമഞ്ഞ് ലോഡ്ജിലെത്തി മുറിയിൽ അതി ക്രമിച്ചുകയറി. യുവാവിന്റെയും യുവതിയുടെയും കൈകാലുകൾ തുണികൊണ്ട് കെട്ടുകയും വായിൽ തുണി തിരുകുകയും ചെയ്ത ശേഷം ഇരുവരെയും കാറിൽ കയറ്റി കൊണ്ടു പോയി. തിരുപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ യുവാവിനെ ക്രൂരമായി മർദിച്ചതായും കൈകാലുകൾക്ക് പല ഭാഗത്തും ഒടിവുണ്ടായതായും പൊലീസ് പറഞ്ഞു.

തിരുപ്പൂരിന് സമീപത്തെ ആശുപത്രിക്ക് മുന്നിൽ യുവാവിനെ ഉപേക്ഷിച്ച ശേഷം സംഘത്തിലെ രണ്ടുപേർ യുവതിയെ മറ്റൊരു കാറിലേക്ക് മാറ്റി. ഇവർ ചേർന്നാണ് യുവതിയെ പീ ഡിപ്പിച്ചതെന്നാണ് പരാതി.

പരിക്കേറ്റ യുവതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് കേസെടുത്ത ശേഷം അന്വേഷണം തൃശ്ശൂർ സിറ്റി പൊലീസിന് കൈമാറി. സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തു നിന്ന് പിടികൂടിയത് നിർണായകമായി. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേരെ തിരുപ്പൂരിൽ നിന്നും ഒരാളെ പഴനിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പേരുവിവരങ്ങളും കേസുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളും പൊലീസ് പിന്നീട് പുറത്തുവിടും.