
പീച്ചി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നതിനും കെ. എസ്. ഇ. ബിയുടെ ചെറുകിട വൈദ്യുത ഉല്പാദന നിലയം വഴി മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. നിലവിൽ 79.25 മീറ്റർ പരമാവധി സംഭരണശേഷിയുള്ള ഡാമിൽ 77.62 മീറ്റർ (77.33%) വെള്ളമുണ്ട്.
വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ പെട്ടെന്ന് ഷട്ടറുകൾ തുറക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് മുൻകരുതലായി പകൽസമയങ്ങളിൽ ഘട്ടംഘട്ടമായി വെള്ളം പുറത്തുവിടുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ വൈദ്യുത നിലയം വഴി സെക്കൻഡിൽ അഞ്ച് ഘനമീറ്റർ നിരക്കിലും ആവശ്യാനുസരണം സ്പിൽവേ ഷട്ടറുകൾ പരമാവധി നാല് ഇഞ്ച് (പത്ത് സെ.മീ) വരെയും മാത്രമായിരിക്കും തുറക്കുക.
വെള്ളം തുറന്നുവിടുന്നതോടെ മണലി, കരുവന്നൂർ പുഴകളിൽ ജലനിരപ്പ് ശരാശരി 60 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് വഴി മുന്നറിയിപ്പ് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പ്രളയദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ നടത്താൻ തഹസിൽദാർമാർക്കും കളക്ടർ നിർദ്ദേശം നൽകി. പൊതുജനങ്ങൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.





