
തൃശൂർ: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് നവംബർ 27ന് തൃശൂർ നഗരത്തിലും ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലും കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. തൃശൂർ നഗരത്തിൽ രാവിലെ ഒമ്പത് മുതലും ഗുരുവായൂരിൽ ഉച്ചയ്ക്ക് ഒരു മണി മുതലുമാണ് നിയന്ത്രണം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള ട്രയൽ റണ്ണിനെ തുടർന്ന് 26നും ഗുരുവായൂരിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
27ന് ഉച്ചയ്ക്ക് മൂന്നിന് അരിയന്നൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തുന്ന രാഷ്ട്രപതി വൈകിട്ട് 3.50ന് ശ്രീവത്സം ഗെസ്റ്റ് ഹൗസിൽനിന്ന് ക്ഷേത്രദർശനത്തിനായി പുറപ്പെടും. 4.15 വരെ ക്ഷേത്രത്തിൽ ചെലവഴിക്കുന്ന രാഷ്ട്രപതി 4.30ന് ഗുരുവായൂരിൽനിന്ന് മടങ്ങും.
ഗുരുവായൂരിലെ ഗതാഗത നിയന്ത്രണങ്ങൾ
ചൂണ്ടൽ മുതൽ ഗുരുവായൂർ കാരക്കാട് ജംഗ്ഷൻ വരെ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം വാഹനഗതാഗതം അനുവദിക്കില്ല. തൃശൂരിൽനിന്ന് ഗുരുവായൂരിലേക്കുള്ള വാഹനങ്ങൾ ചൂണ്ടലിൽനിന്ന് കുന്നംകുളം വഴിയാണ് പോകേണ്ടത്. ഗുരുവായൂരിലെ ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ വാഹന പാർക്കിങ് പൂർണമായും നിരോധിക്കും.
സ്വകാര്യ ബസുകൾ പടിഞ്ഞാറെനടയിൽ കമ്പിപ്പാലത്തിന് സമീപമുള്ള മായ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം. ചാവക്കാട്, പൊന്നാനി ഭാഗങ്ങളിൽനിന്നെത്തുന്ന ടോറസ്, ടിപ്പർ ലോറികൾ ചാവക്കാട് ജംഗ്ഷന് മുൻപായും പാവറട്ടി ഭാഗത്തുനിന്നെത്തുന്നവ പഞ്ചാരമുക്ക് ജംഗ്ഷന് മുൻപായും പാർക്ക് ചെയ്യണം. ട്രയൽ റണ്ണിന്റെ ഭാഗമായി 26നും നിയന്ത്രണങ്ങളുണ്ടാകുമെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ എം. സുരേന്ദ്രൻ അറിയിച്ചു.
തൃശൂർ നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ
27ന് രാവിലെ ഒമ്പത് മുതൽ തൃശൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരും. മണ്ണുത്തി, കിഴക്കേക്കോട്ട, പെൻഷൻമൂല, ചെമ്പൂക്കാവ്, പാട്ടുരായ്ക്കൽ, പൂങ്കുന്നം റൂട്ടിലും സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന പാർക്കിങ് കർശനമായി നിരോധിക്കും.
പാലക്കാട്, പീച്ചി, മാന്ദാമംഗലം, പുത്തൂർ, വലക്കാവ് ഭാഗങ്ങളിൽനിന്നെത്തുന്ന ബസുകൾ കുട്ടനെല്ലൂർ, ജൂബിലി മിഷൻ, ഫാത്തിമ നഗർ, ഐടിസി ജംഗ്ഷൻ, ഇക്കണ്ടവാരിയർ റോഡ് വഴി ശക്തൻ സ്റ്റാൻഡിലെത്തണം. മടക്കയാത്ര ജൂബിലി മിഷൻ, മാർ അപ്രേം പള്ളി, കുട്ടനെല്ലൂർ വഴിയായിരിക്കണം.
മുക്കാട്ടുക്കര, നെല്ലങ്കര, മണ്ണുത്തി ഭാഗങ്ങളിൽനിന്നുള്ള ബസുകൾ മണ്ണുത്തി, കുട്ടനെല്ലൂർ, ഐടിസി ജംഗ്ഷൻ, എംഒ റോഡ്, സ്വരാജ് റൗണ്ട് വഴി വടക്കേ സ്റ്റാൻഡിലെത്തി ഇതേ റൂട്ടിലൂടെ മടങ്ങണം.
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, തിരുവില്വാമല, മെഡിക്കൽ കോളജ്, അത്താണി, കൊട്ടേക്കാട് ഭാഗങ്ങളിൽനിന്നുള്ള ബസുകൾ കോലോത്തുംപാടത്ത് സർവീസ് അവസാനിപ്പിച്ച് മടങ്ങണം. ചേറൂർ, പള്ളിമൂല, മാറ്റാംപുറം, കുണ്ടുകാട് ഭാഗങ്ങളിൽനിന്നുള്ള ബസുകൾ പള്ളിമൂല, പവർ ഹൗസ് വഴി കോലോത്തുംപാടത്തെത്തി സർവീസ് അവസാനിപ്പിക്കണം.
കുന്നംകുളം, കോഴിക്കോട്, ഗുരുവായൂർ ഭാഗങ്ങളിൽനിന്നെത്തുന്ന ബസുകൾ മുണ്ടൂരിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് അവണൂർ, മെഡിക്കൽ കോളജ് വഴി കോലോത്തുംപാടത്തെത്തി സർവീസ് അവസാനിപ്പിച്ച് ഇതേ റൂട്ടിലൂടെ മടങ്ങണം. ഈ ഭാഗങ്ങളിൽനിന്നുള്ള സ്വകാര്യ വാഹനങ്ങളും ഇതേ റൂട്ടിലൂടെ സഞ്ചരിച്ച് വിയ്യൂർ പവർ ഹൗസ് ജംഗ്ഷനിലെത്തി പൊങ്ങണംകാട് വഴി പോകണം.
വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി ഭാഗങ്ങളിൽനിന്നുള്ള ബസുകൾ പടിഞ്ഞാറേക്കോട്ടയിൽനിന്ന് കാൽവരി റോഡ് വഴി തോപ്പിൻമൂല, നേതാജി ഗ്രൗണ്ട് പരിസരത്തെത്തി സർവീസ് അവസാനിപ്പിച്ച് മടങ്ങണം.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് ഭാഗങ്ങളിൽനിന്നുള്ള ബസുകൾ ബാല്യ ജംഗ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിലെത്തി സർവീസ് അവസാനിപ്പിച്ച് മടങ്ങണം.
സ്വകാര്യ വാഹനങ്ങൾക്കും ചരക്കുവാഹനങ്ങൾക്കുമുള്ള നിയന്ത്രണങ്ങൾ
കൂർക്കഞ്ചേരി വഴി പടിഞ്ഞാറേക്കോട്ടയിലേക്ക് പോകേണ്ട സ്വകാര്യ വാഹനങ്ങൾ വടൂക്കര, അരണാട്ടുകര വഴി സഞ്ചരിക്കണം. മണ്ണുത്തി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചിയ്യാരം വഴി പോകണം.
കുന്നംകുളം ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് പോകുന്ന ചരക്കുവാഹനങ്ങൾ വടക്കാഞ്ചേരി, ഷൊർണൂർ വഴി തിരിച്ചുവിടും.
ചിയ്യാരം ഭാഗത്തുനിന്ന് പടിഞ്ഞാറേക്കോട്ടയിലേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങൾ കൂർക്കഞ്ചേരി സെന്ററിൽനിന്ന് നെടുപുഴ പൊലീസ് സ്റ്റേഷൻ, വടൂക്കര, തോപ്പിൻമൂല വഴി സഞ്ചരിക്കണം. നെടുപുഴ പൊലീസ് സ്റ്റേഷൻ റോഡിൽ വൺവേ സംവിധാനം ഏർപ്പെടുത്തും.
- ജൂബിലി ജംഗ്ഷൻ വഴി കൂർക്കഞ്ചേരി ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങൾ മിഷൻ ക്വാർട്ടേഴ്സ്, സെമിത്തേരി റോഡ്, ചിയ്യാരം വഴി സഞ്ചരിക്കണം.






