
തൃശൂർ നഗരത്തിൽ ലഹരിക്കെതിരെ പൊലീസ് സംഘടിപ്പിക്കുന്ന ‘തൂഫാൻ ജാഗരൺ സന്ദേശയാത്ര’ നാളെ (സെപ്റ്റംബർ 24) നടക്കും. വൈകിട്ട് നാലിന് തെക്കേഗോപുര നടയിൽനിന്ന് ആരംഭിക്കുന്ന യാത്ര പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിൽ സമാപിക്കും. 5000-ത്തിലേറെ പേർ പങ്കെടുക്കുന്ന യാത്രയിൽ സാംസ്കാരിക ഘോഷയാത്ര, ഫ്ലോട്ടുകൾ, ഫ്ലാഷ് മോബ് എന്നിവയും അണിനിരക്കും. മന്ത്രി രമേശ് ചെന്നിത്തല യാത്ര ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പ്രവർത്തകർ, വിദ്യാർഥികൾ, ജനമൈത്രി സമിതി അംഗങ്ങൾ, റസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ, എസ്.പി.സി, എൻ.സി.സി, സ്കൗട്ട്സ്-ഗൈഡ്സ് വിഭാഗങ്ങളിലെ കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുക്കും.
യാത്രയുടെ ഭാഗമായി നാളെ ഉച്ചയ്ക്ക് രണ്ടുമുതൽ തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും പാർക്കിങ് അനുവദിക്കില്ല. മണ്ണുത്തി, മാന്ദാമംഗലം ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ ഐ.ടി.സി ജംക്‌ഷൻ വഴി ശക്തനിലെത്തി ഫാത്തിമ നഗർ വഴി മടങ്ങണം. വടക്കേ സ്റ്റാൻഡിലേക്കുള്ള ബസുകൾ പെൻഷൻമൂല വഴി എത്തി സ്റ്റേഡിയം ജംക്‌ഷൻ വഴി മടങ്ങണം.
ചേറൂർ ഭാഗത്തുനിന്നുള്ള ബസുകൾ രാമനിലയം വഴി അശ്വിനി ജംക്‌ഷനിലെത്തി വടക്കേ സ്റ്റാൻഡ് വഴി മടങ്ങണം. കുന്നംകുളം ഭാഗത്തുനിന്നുള്ള ബസുകൾ പൂങ്കുന്നത്ത് സർവീസ് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട വഴി മടങ്ങണം. കാഞ്ഞാണി ഭാഗത്തുനിന്നുള്ള ബസുകൾ നേതാജി ഗ്രൗണ്ടിന് സമീപം സർവീസ് അവസാനിപ്പിക്കണം. ചേർപ്പ് ഭാഗത്തുനിന്നുള്ള ചെറുവാഹനങ്ങൾ വടൂക്കര വഴി പടിഞ്ഞാറേക്കോട്ടയിലേക്ക് പോകണം.
ഒല്ലൂർ ഭാഗത്തുനിന്നുള്ള ബസുകൾ ശക്തനിലെത്തി കാട്ടൂക്കാരൻ ജംക്‌ഷൻ വഴി മടങ്ങണം. അശ്വിനിയിൽനിന്ന് എറണാകുളം, പാലക്കാട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ നെല്ലങ്കര വഴി പോകണം. കുന്നംകുളം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ മുണ്ടൂർ, വിയ്യൂർ, പൊങ്ങണംകാട് വഴിയും പോകണമെന്ന് പൊലീസ് അറിയിച്ചു.







