റേഷൻ കടകൾ ചൊവ്വാഴ്ച പ്രവർത്തിക്കും.. ബാങ്കുകൾക്ക് മൂന്നുദിവസം അവധി.

തിരുവനന്തപുരം: നബിദിന അവധിയായ ആഗസ്റ്റ് 25 ചൊവ്വാഴ്ച സംസ്ഥാനത്തെ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. പകരം ആഗസ്റ്റ് 27 വ്യാഴാഴ്ച റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചതിന്റെ പകരം അവധി സെപ്റ്റംബർ രണ്ടിന് ലഭിക്കും.

ഓണത്തോടനുബന്ധിച്ച് റേഷൻ കടകൾക്കു പുറമെ ഓണം ഫെയറുകളും സപ്ലൈകോ ഔട്ട്‌ലെറ്റുകളും ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചിരുന്നു. ഈ ആഴ്ച ബാങ്കുകൾക്ക് മൂന്ന് ദിവസം അവധിയായിരിക്കും. ആഗസ്റ്റ് 24 തിങ്കൾ, 27 വ്യാഴം, 29 ശനി ദിവസങ്ങളിലാണ് ബാങ്കുകൾ പ്രവർത്തിക്കുക. നബിദിനവും ഉത്രാടവും പ്രമാണിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിലും തിരുവോണം പ്രമാണിച്ച് വ്യാഴാഴ്ചയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. എന്നാൽ ഓൺലൈൻ ബാങ്കിങ് ഇടപാടുകൾക്ക് അവധി തടസ്സമാകില്ല.

ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ആഗസ്റ്റ് 31 വരെ തുടരുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ അറിയിച്ചു. സെപ്റ്റംബറിലെ റേഷൻ വിതരണം സെപ്റ്റംബർ രണ്ട് മുതൽ ആരംഭിക്കും. ജൂലൈ–ആഗസ്റ്റ്–സെപ്റ്റംബർ ക്വാർട്ടറിലെ മണ്ണെണ്ണ വിതരണവും തുടരുകയാണ്.

സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഏകദേശം നൂറ് ശതമാനം പൂർത്തിയായിട്ടുണ്ട്. ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയ്യാറാക്കി റേഷൻ കടകളിലെത്തിച്ചത്. ഇതിനു പുറമെ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകളും വിതരണം ചെയ്തു. ശനിയാഴ്ച വരെയുള്ള കണക്കുപ്രകാരം 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.