
കോടികൾ ചെലവാക്കി നടപ്പിലാക്കുന്ന വാഴാനി പുഴ നവീകരണവും തെക്കുംകര മണലിത്തറയിലെ പട്ട്യാംകുന്ന് പാലം നിർമ്മാണവും എങ്ങുമെത്താതെ കിടക്കുന്നു. നവീകരണത്തിന്റെ പേരിലുള്ള വലിയ അഴിമതിയിലേക്കാണ് പാതിവഴിയിൽ നിൽക്കുന്ന ഈ പാലം വിരൽ ചൂണ്ടുന്നത്.
21 മീറ്റർ നീളത്തിലും 3.20 മീറ്റർ വീതിയിലുമാണ് പുഴയ്ക്ക് കുറുകെ പാലം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ പാലത്തിന് അമിതമായി ഉയരം കൂടിയതിനാൽ ഇരുവശത്തും റോഡുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ പാലത്തിലേക്ക് കയറാനും ഇറങ്ങാനും ആറടി ഉയരമുള്ള കോണി ഉപയോഗിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
ഒരുവശത്ത് പഞ്ചായത്ത് റോഡും മറുവശത്ത് പാടശേഖരവുമാണ് ഉള്ളത്. ഇതിൽ പാടശേഖരത്തേക്ക് പാലം ബന്ധിപ്പിക്കണമെങ്കിൽ സ്വകാര്യ വ്യക്തിയുടെ ഭൂമി കൂടി ഏറ്റെടുക്കേണ്ടതുണ്ട്. മഴ ശക്തമായി പുഴയിൽ വെള്ളം നിറഞ്ഞതോടെ കർഷകർക്ക് കൃഷിയിടങ്ങളിലേക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ച് പാലം എത്രയും വേഗം ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.







