
സംസ്ഥാനത്ത് എക്സൈസ് വകുപ്പ് ശക്തമാക്കിയ ലഹരി വിരുദ്ധ പരിശോധനയിൽ എറണാകുളത്തും കോഴിക്കോട്ടും നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകളിലായി എംഡി എംഎയും മെത്താം ഫിറ്റമിനും പിടിച്ചെടുത്തു. സംഭവങ്ങളിലായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിൽ കൊല്ലം സ്വദേശി മുഹഷീബ് എസ് (29), തൃശ്ശൂർ സ്വദേശി ആഷിക തൻവീർ (22) എന്നിവരെ 6 ഗ്രാമിലധികം എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി.
സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ‘Strangers Tour’ എന്ന പരിപാടിയിലൂടെ പരിചയപ്പെട്ട ഇരുവരും കുറച്ചുകാലമായി എറണാകുളം കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തി വരികയായിരുന്നുവെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്.
കോഴിക്കോട് ചേളന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ 11.78 ഗ്രാം മെത്താം ഫിറ്റമിൻ കണ്ടെടുത്ത് പട്ടർപാലം സ്വദേശി സഗേഷ് (35) എന്നയാളെ അറസ്റ്റ് ചെയ്തു. ചേളന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ദിപീഷ് എ.പി.യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.





