കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്സ് അസോസിയേഷന് ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി മെയ് 6ന് കേരളത്തിലെ ഹോട്ടലുകൾ അടച്ചിടും. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു.
കേന്ദ്രസർക്കാർ 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആകെ 1498 രൂപയാണ് വില ഉയർന്നത്. ഈ വർധനവ് തീർത്തും അന്യായമാണെന്നും ഹോട്ടൽ വ്യവസായത്തെ ഗുരുതര പ്രതിസന്ധി യിലാക്കുന്നതാണെന്നും ഉടമകൾ ആരോപിച്ചു.
പുതിയ നിരക്കുപ്രകാരം കൊച്ചിയിൽ സിലിണ്ടറിന്റെ വില 3085 രൂപയായി. തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട് 3117.5 രൂപയും ആയി. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ തുടങ്ങിയ ഭക്ഷണവ്യാപാര സ്ഥാപനങ്ങൾക്ക് ഇത് വലിയ ആഘാതമാണെന്നാണ് വിലയിരുത്തൽ.
പ്രവർത്തനച്ചെലവ് കുത്തനെ കൂടുന്ന സാഹചര്യത്തിൽ ഭക്ഷണവില ഉയർത്തേണ്ടിവരുമെന്ന് ഹോട്ടൽ ഉടമകൾ മുന്നറിയിപ്പ് നൽകി. എൽപിജി വില കുറച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കേണ്ടിവരുമെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്സ് അസോസിയേഷന് വ്യക്തമാക്കി.



