
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ (തിങ്കളാഴ്ച) രാവിലെ 8 മണിക്ക് ആരംഭിക്കും. ആദ്യ ഫലസൂചനകൾ 8 മണിയോടെ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ, വ്യക്തമായ ലീഡുകളും ഫലങ്ങളും 8:30ഓടെ അറിയാനാകും.
ഏകദേശം 2 കോടി 71 ലക്ഷം വോട്ടർമാർ വിധിയെഴുതിയ ഈ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് നാളെ അവസാനമാകും. സംസ്ഥാനത്ത് തുടർഭരണമുണ്ടാകില്ലെന്നും, യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നതിനാൽ രാഷ്ട്രീയ രംഗം അതീവ ആവേശത്തിലാണ്.
സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലായി ഒരുക്കിയിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലെയും വോട്ടെണ്ണൽ നടപടികൾ അതത് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് അധികാരികളുടെ മേൽനോട്ടത്തിലാണ് നടക്കുക.
വോട്ടെണ്ണൽ ആരംഭിച്ചാൽ അവസാന ഫലം പ്രഖ്യാപിക്കുന്നതു വരെ ഇടവേളകളില്ലാതെ നടപടികൾ പുരോഗമിക്കും. ഫലം പുറത്തുവരുന്നതോടെ കേരളത്തിന്റെ പുതിയ ഭരണചിത്രം വ്യക്തമാകും.



