പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ , ഭാരത് പെട്രോളിയം , ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വലിയ വർധന പ്രഖ്യാപിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഒരൊറ്റയടിക്ക് 993 രൂപയാണ് കൂട്ടിയത്. ഇത്തരത്തിൽ വലിയ വർധന അപൂർവങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. പുതിയ നിരക്കുകൾ പ്രകാരം കൊച്ചിയിൽ സിലിണ്ടറിന്റെ വില 3085 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട് 3117.5 രൂപയും ആയി. ഇതോടെ സിലിണ്ടർ വില 3000 രൂപ കടന്നത് വലിയ ആശങ്കയ്ക്കിടയാക്കുന്നു.
വിലക്കയറ്റം ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയ്ക്ക് ഗുരുതര തിരിച്ചടിയായിരിക്കുകയാണ്. പ്രവർത്തനച്ചെലവ് കുത്തനെ ഉയരുന്നതിനാൽ ഭക്ഷണവിലകൾ കൂട്ടേണ്ട സാഹചര്യം വ്യാപാരികൾക്ക് ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതോടെ ഉപഭോക്താക്കളെ നഷ്ടപ്പെടാനുള്ള സാധ്യതയും ഉയരുന്നു. ഇതിനു മുൻപ് ഏപ്രിൽ 1ന് 195.50 രൂപയും, ജനുവരി 1ന് 111 രൂപയും, മാർച്ച് 1ന് 28 മുതൽ 31 രൂപയും, മാർച്ച് 7ന് 115 രൂപയും വർധിപ്പിച്ചിരുന്നു.
തുടർച്ചയായ വിലക്കയറ്റം ഇതിനകം തന്നെ പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയെ കൂടുതൽ തളർത്തുന്നു. തിരഞ്ഞെടുപ്പിനെ തുടർന്ന് സ്വന്തം നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികൾ പലരും മടങ്ങിയെത്താത്തതും മേഖലയെ ബാധിച്ചിട്ടുണ്ട്. എൽപിജി വിതരണ നിയന്ത്രണങ്ങളും ചില ഹോട്ടലുകൾ അടച്ചിടാൻ കാരണമായ സാഹചര്യത്തിൽ, പുതിയ വിലക്കയറ്റം ഇടിത്തീപോലെ വന്നതായി വ്യാപാരികൾ പ്രതികരിച്ചു.






