അതിരപ്പിള്ളിയിൽ കാട്ടാനയെ അവശനിലയിലാക്കിയത് കാർഷിക വിളകളിലെ വിഷബാധയെന്ന് സംശയം..

അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തിലാണ് അവശനിലയിലായ കൊമ്പനെ കണ്ടത്. കുറച്ച് നാളുകളായി ആന പ്രദേശത്തെ കൃഷിയിടങ്ങളിലിറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവായിരുന്നു. ആനയുടെ ശല്യം ഒഴിവാക്കാന്‍ കാര്‍ഷിക വിളകളില്‍ വിഷം വച്ചത് കഴിച്ചത് മൂലമാണോ ആന അവശ നിലയിലായതെന്ന് സംശയമുണ്ട്.

ബുധനാഴ്ചയും ആന എണ്ണപ്പന തോട്ടത്തില്‍ തന്നെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കണ്ട സ്ഥലത്ത് നിന്നും അല്പം മാറിയാണ് ഇപ്പോൾ ആനയുള്ളത്. സ്ഥിരമായി ജനവാസ മേഖലയിലേക്കെത്തുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഗണപതി എന്ന് വിളിക്കുന്ന ആന തന്നെയാണിതെന്നാണ് കരുതുന്നത്. തൃശൂരില്‍ നിന്നും കോടനാടില്‍ നിന്നും വെറ്ററിനറി ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും ആനയെ നിരീക്ഷിക്കുന്നുണ്ട്.

ആര്‍.ആര്‍.ടി സംഘവും സജ്ജമാണ്. പ്രാഥമിക നിരീക്ഷണത്തില്‍ ആനയ്ക്ക് ചികിത്സ ആവശ്യമാണെന്നാണ് നിഗമനം. ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമായാല്‍ അടിയന്തര ചികിത്സ നല്കാനുള്ള തയാറെടുപ്പും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുഴയില്‍ നിന്നും കയറിവന്ന ആനയ്ക്ക് നടക്കാനാകാതെ പ്ലാന്റേഷന്‍ തോട്ടത്തില്‍ കിടക്കുന്നത് കണ്ടത്.

പ്രദേശ വാസികളുടെ ബഹളം കേട്ട് ആന കുറച്ചു ദൂരം നടന്നെങ്കിലും വീണ്ടും കിടന്നു. പന്തികേട് തോന്നിയ നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. അടുത്ത ദിവസവും ആനയുടെ നിലയില്‍ മാറ്റമില്ലെങ്കില്‍ ചികിത്സാ സൗകര്യമൊരുക്കാനാണ് പദ്ധതി.