വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾ വീട്ടിലെത്തുംമുമ്പ് രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമാക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാരിന് മറുപടി നൽകാൻ ഹൈക്കോടതി ചൊവ്വാഴ്ച വരെ സമയം നൽകി. രണ്ടാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ വേണമെന്നാണ് ഇന്നും കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചത്.
ഈ വ്യവസ്ഥ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ തള്ളിയതായും കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ മറുപടിയ്ക്കായി കോടതി മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിയത്. ഉടൻ തന്നെ ഉത്തരവ് വേണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജ. അനു ശിവരാമൻ, ജ.എം ആർ അനിത എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.