
തൃശൂർ പുന്നയൂരിൽ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ അതിക്രമം; മൂന്ന് പേർക്കെതിരെ കേസ്
തൃശൂർ: പുന്നയൂർ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ വടക്കേക്കാട് പോലീസ് കേസെടുത്തു. അഞ്ചാം വാർഡ് അംഗവും യു.ഡി.എഫ് നേതാവുമായ ചമ്മിണിയിൽ രതീഷിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി ആക്രമണമുണ്ടായത്. പ്രദേശവാസികളായ മുത്തുസ്വാമി, രതീഷ്, വിഷ്ണു എന്നിവർക്കെതിരെയാണ് കേസ്.
പ്രദേശത്തെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് റിപ്പോർട്ട്. വെള്ളം തുറന്നുവിട്ടില്ലെന്ന് ആരോപിച്ചെത്തിയ സംഘം വീടിന്റെ മുൻവാതിൽ ബലമായി തള്ളുകയും വീട്ടിലെ കസേരകളും ചെടിച്ചട്ടികളും തകർക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
സംഭവസമയത്ത് രതീഷിന്റെ ഭാര്യ സിനിയും പത്തുവയസ്സുകാരിയായ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമികളെ ഭയന്ന് പിൻവാതിലിലൂടെ അടുത്ത വീട്ടിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് മകൾക്ക് കാലിന് പരിക്കേറ്റു.
രതീഷ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ജനപ്രതിനിധിയുടെ വീട്ടിൽ കയറി കുടുംബത്തിനുനേരെ നടത്തിയ അതിക്രമത്തിൽ പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.








