തൃശൂർ നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിന് കേരള ഹൈക്കോടതി കർശന വിലക്ക് ഏർപ്പെടുത്തി..

തൃശൂർ നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിന് കേരള ഹൈക്കോടതി കർശന വിലക്ക് ഏർപ്പെടുത്തി. രാഷ്ട്രീയ പാർട്ടികളുടെ പൊതുസമ്മേളനങ്ങൾ, റാലികൾ, വിശദീകരണ യോഗങ്ങൾ എന്നിവയ്ക്കായി ഇനിമുതൽ മൈതാനം വിട്ടുനൽകില്ല.

ക്ഷേത്രങ്ങൾക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നാണ് കോടതിയുടെ പ്രധാന നിരീക്ഷണം. മുൻപും സമാനമായ വിലക്ക് ഉണ്ടായിരുന്നെങ്കിലും പല സംഘടനകളും പേരുമാറ്റി പരിപാടികൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് കോടതി ഇപ്പോൾ ഒരു തരത്തിലുള്ള രാഷ്ട്രീയ പരിപാടികൾക്കും ഇടം നൽകരുതെന്ന് കർശന നിർദ്ദേശം നൽകിയത്.

ദേവസ്വം ബോർഡിന്റെയും ക്ഷേത്രങ്ങളുടെയും പരിപാടികൾക്ക് മൈതാനം സൗജന്യമായി ഉപയോഗിക്കുന്നതിന് തടസ്സമില്ല. കൂടാതെ തൃശൂർ പൂരം പോലെയുള്ള സാംസ്‌കാരിക ഉത്സവങ്ങളെയും ഈ വിലക്ക് ബാധിക്കില്ല. പ്രമുഖ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പ്രധാന പരിപാടികൾക്ക് സ്ഥിരമായി ഉപയോഗിച്ചിരുന്ന ഇടമായതിനാൽ കോടതിയുടെ ഈ ഉത്തരവ് നഗരത്തിലെ രാഷ്ട്രീയ പ്രവർത്തനങ്ങളെ വലിയ തോതിൽ ബാധിച്ചേക്കാം.