ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും..

കേരളത്തില്‍ മെയ് മാസം അവസാനത്തോടെ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥ കേന്ദ്രം. അടുത്ത 36 മണിക്കൂറില്‍ കാലവര്‍ഷം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാനാണ് സാധ്യത.

തെക്കന്‍ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. തെക്കന്‍ ഛത്തീസ്ഗഢില്‍ നിന്ന് തെക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ട്. മറ്റൊരു ന്യുനമര്‍ദ്ദ പാത്തി മറാത്തുവാഡയില്‍ നിന്ന് തെക്കന്‍ തമിഴ്‌നാട് വഴി ചക്രവാത ചുഴിയിലേക്കു നീണ്ടുനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 6 -7 ദിവസം ഇടിമിന്നല്‍ലോട് കൂടിയും കാറ്റോടുകൂടിയതുമായ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഒറ്റപെട്ട സ്ഥലങ്ങളില്‍ മെയ് 19, 20, 21 തീയതികളില്‍ അതി തീവ്രമായ മഴയ്ക്കും, മെയ് 19 മുതല്‍ 22 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.