
തൃശൂർ: ചാവക്കാട് പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാന്ദ്ര സന്തോഷ് (29) ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനിയാണ് സാന്ദ്ര.
വടക്കേകാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെ കോൺഫറൻസ് നടന്നിരുന്നെങ്കിലും സാന്ദ്ര യോഗത്തിന് എത്തിയില്ല. തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് സമീപത്തെ അങ്കണവാടി അധ്യാപികയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടു.
അധ്യാപിക പുന്നയൂരിലെ ഉപകേന്ദ്രത്തിലെത്തിയപ്പോഴാണ് റിസപ്ഷൻ മുറിയിൽ സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കേകാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.








