
ദേശീയപാത 544-ൽ വാണിയമ്പാറയിലെ യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി 7×3 മീറ്റർ വലുപ്പത്തിലുള്ള അടിപാത നിർമ്മിക്കുന്നതിന് പദ്ധതി നിർദ്ദേശം തയ്യാറാക്കി സമർപ്പിക്കാൻ തീരുമാനമായി. വാണിയമ്പാറയിലെ ജനങ്ങളുടെ യാത്രാപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒല്ലൂർ എം.എൽ.എ അഡ്വ. കെ. രാജൻ ജില്ലാ കളക്ടർക്കും NHAI പ്രോജക്ട് ഡയറക്ടർക്കും നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തത്.
എം.എൽ.എയുടെ സാന്നിധ്യത്തിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് വാണിയമ്പാറയിൽ 7×3 മീറ്റർ വലുപ്പത്തിലുള്ള അടിപ്പാത നിർമ്മിക്കുന്നതിനുള്ള പദ്ധതി നിർദ്ദേശം തയ്യാറാക്കി സമർപ്പിക്കുമെന്ന് NHAI ഉദ്യോഗസ്ഥർ അറിയിച്ചത്. തുടർന്ന് കെ. രാജൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശം സന്ദർശിച്ച് പരിശോധന നടത്തി. അടിപ്പാതയ്ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ചെയ്തു.
അടിപ്പാതയ്ക്ക് അനുമതി ലഭിക്കുന്നതുവരെ കണ്ടെത്തിയ സ്ഥലത്തെ മറ്റ് നിർമ്മാണപ്രവൃത്തികൾ നിർത്തിവയ്ക്കുമെന്നും NHAI യോഗത്തിൽ അറിയിച്ചു. ഇതോടെ വാണിയമ്പാറയിലെ ജനങ്ങളുടെ യാത്രാപ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള നിർണായക നടപടിക്ക് തുടക്കമായി.
ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾക്ക് ആശുപത്രികളി ലെത്തുന്നതിന് അധികദൂരം സഞ്ചരിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും , വാഹനങ്ങൾക്ക് ഇരുവശങ്ങളിലേക്കും കടന്നുപോകുന്നതിനുള്ള ക്രോസിംഗ് സൗകര്യം ഒരുക്കുന്നതിനും അടിപ്പാത സഹായകരമാകും.
കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും സുരക്ഷിതമായി ഇരുവശങ്ങളിലേക്കും സഞ്ചരിക്കുന്നതിനുള്ള സൗകര്യവും ഇതിലൂടെ സാധ്യമാകും. പ്രദേശത്തെ വെളിച്ചക്കുറവും അപകടസാധ്യതയും പരിഹരിക്കുന്നതിനുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്തു.
വാണിയമ്പാറയിലെ ജനങ്ങളുടെ യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി അടിപ്പാതയുടെ തുടർ നടപടികൾ വേഗത്തിലാക്കണമെന്നും കെ. രാജൻ എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.





