
തൃശൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രണയത്തിലായ യുവാവിനെ നേരിട്ട് കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാവിന്റെ 4 പവൻ സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതി പിടിയിൽ. വെങ്കിടങ്ങ് സ്വദേശിനി പണ്ടാരമേട്, എടക്കാട്ട് വീട്ടിൽ ഹമിഷാദാസ് (25) നെയാണ് പീച്ചി പോലീസ് പിടികൂടിയത്.
ജൂൺ 26 നാണ് കേസിനാസ്പദമായ സംഭവം. ചേലക്കര സ്വദേശിയായ യുവാവിനെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീ പീച്ചി ഡാമിൽവച്ച് നേരിട്ട് കാണാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയും പിന്നീട് ഡാമിന് പാർക്കിംഗ് ഏരിയയിൽ വെച്ച് യുവാവിന്റെ കഴുത്തിൽ കിടക്കുന്ന 4 പവൻ സ്വർണ്ണമാല ഊരി ധരിക്കുകയും ഇത് എതിര്‍ത്ത യുവാവിനെ ബഹളം വെച്ച് നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും കൈവശപ്പെടുത്തി മുങ്ങുകയായിരുന്നു.
യുവാവ് പീച്ചി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സൈബർ സെല്ലിന്റെ സഹായത്തോടുകൂടിയ അന്വേഷണത്തിൽ പ്രതി എറണാകുളത്തെ ഒരു കടപ്പത്രയിലുണ്ടെന്ന് മനസ്സിലാക്കി അന്വേഷണം സംഘം അതിവിദഗ്ധമായി പ്രതിയെ പിടികൂടുകയായിരുന്നു.




