സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ജൂലൈ 20 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം..

Thrissur_vartha_district_news_malayalam_private_bus

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 20 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്താൻ സ്വകാര്യ ബസ് ഉടമകൾ തീരുമാനിച്ചു.

വരുമാനത്തിൽ ഉണ്ടായ വൻ ഇടിവിനെ തുടർന്ന് പാലക്കാട് ജില്ലയിലെ ചില സ്വകാര്യ ബസുകളിൽ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ദിവസവേതനം 1,200 രൂപയിൽ നിന്ന് 600 രൂപയായി കുറച്ചതായി തൊഴിലാളികൾ ആരോപിച്ചു. കണ്ടക്ടർമാർക്കും ഇതേ തുകയാണ് നിലവിൽ നൽകുന്നതെന്നും അവർ പറയുന്നു. സർവീസുകളിൽ നിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞതിനാലാണ് വേതനം കുറയ്ക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് ബസ് ഉടമകളുടെ വിശദീകരണം.

കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രാ പദ്ധതിയെ തുടർന്ന് യാത്രക്കാരുടെ എണ്ണം കുറഞ്ഞതും സ്വകാര്യ ബസ് സർവീസുകൾ നഷ്ടത്തിലായതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്താൻ സംഘടന തീരുമാനിച്ചിരിക്കുന്നത്.