
ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പരിചയ സമ്പന്നരായ പോലീസ് ഉദ്ദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തിയാണ് സുരക്ഷാവിന്യാസം സജ്ജമാക്കിയിട്ടുള്ളത്. 35 ഡി വൈ എസ് പിമാർ, 70 ഇൻസ്പെക്ടേഴ്സ്, 330 സബ് ഇൻസ്പെ്കടർമാർ, 3400 സിവിൽ പോലീസ് ഉദ്യോഗസ്ഥർ 200 വനിത പോലീസുദ്യോഗസ്ഥരും 4000 പോലീസ് ഉദ്ദ്യോഗസ്ഥരെയാണ് ഈ വര്‍ഷം ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. കൂടാതെ NDRF, Thunderbolt, Urban Commandos എന്നിവരുടെ സേവനവും ഉണ്ടായിരിക്കും.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്, തൃശ്ശൂര്‍ പൂരം വെടിക്കെട്ട് സുരക്ഷിതമായ ദൂരപരിധി പാലിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് വീക്ഷിക്കുന്നതിന് കൂടുതല്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ചെറുപൂരങ്ങള്‍ക്ക് അവരുടെ ചടങ്ങുകള്‍ തടസ്സമില്ലാതെ കൃത്യ സമയത്ത് തന്നെ പൂര്‍ത്തീകരിക്കുന്നതിനും പോലീസുമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ഓരോ ചെറുപൂരത്തിനോടൊപ്പം നിലവിലുള്ള ഡ്യൂട്ടിക്കാര്‍ കൂടാതെ ഓരോ ലെയ്സണ്‍ ഓഫീസറും ഉണ്ടായിരിക്കും.
കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും കൂടാതെ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ സമയക്രമം ഉറപ്പുവരുത്തുന്നതിനുമായി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പൂരനഗരിയിലെ സി.സി.ടി.വി കളുടെ എണ്ണം 250 ല്‍ നിന്നും 350 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ വാഹനങ്ങള്‍ക്ക് കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന 15 സ്ഥലങ്ങളില്‍ നിന്നും 41 പാര്‍ക്കിംഗ് സ്ഥലങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്. ഇവിടെ 3200 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഈ സ്ഥലങ്ങളില്‍ പോലീസിന്റെ സാന്നിദ്ധ്യവും ഉണ്ടായിരിക്കും.
പാര്‍ക്കിംഗ് സ്ഥലങ്ങളുടെ ലൊക്കേഷന്‍ പൊതുജനങ്ങള്‍ക്ക് അറിയുന്നതിനായി QR Code സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. മാത്രവുമല്ല, ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലമുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനായി ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ക്ക് മാത്രമായി 9 പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
അത്യാഹിത ഘട്ടങ്ങളില്‍ ആശുപത്രികളുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ടൗണിലുള്ള 8 ആശുപത്രികളില്‍ Police Aid Post സേവനം ഉണ്ടായിരിക്കും. മദ്യപാന പരിശോധന കൂടാതെ MDMA പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിച്ചിണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഈ വര്‍ഷം പ്രത്യേക ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ചുള്ള നിരന്തരമായ പരിശോധനകളും ഉണ്ടായിരിക്കും.