ഭാരതപ്പുഴയിൽ വെള്ളമില്ല.. മേച്ചേരിക്കുന്നിൽ നിന്നുള്ള പമ്പിങ്ങും ഉടൻ നിലച്ചേക്കും.

ഒഴുക്കു നിലച്ച ഭാരതപ്പുഴയിൽ വെള്ളമില്ലാത്ത അവസ്ഥയിലാണിപ്പോൾ. കെട്ടിനിൽക്കുന്ന വെള്ളം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. റെയിൽവേ മേൽപ്പാലം പുനർനിർമാണത്തിനായി പാലത്തിനടിയിൽ പുഴയിൽ താൽക്കാലിക റോഡ് നിർമിച്ചിരുന്നു.

ഇതിനായി ചെറുതുരുത്തി തടയണയിൽ നിന്ന് വെള്ളം ഒഴുക്കിവിട്ടതും വിനയായി. പുഴയിൽ ചാലു കീറിയാൽ മാത്രമേ കെട്ടിക്കിടക്കുന്ന കിഴക്ക് – പടിഞ്ഞാറ് ഭാഗത്തുള്ള വെളളം പമ്പ് ഹൗസിന്റെ അടുത്തേക്ക് എത്തിക്കാൻ കഴിയുകയുള്ളൂ. മേച്ചേരിക്കുന്ന് പമ്പ് ഹൗസിലെ പമ്പിങ് മുടങ്ങിയാൽ അത് വള്ളത്തോൾ പഞ്ചായത്തുകളെ ബാധിക്കും.

പൈങ്കുളത്തു നിന്നുള്ള പമ്പിങ് മുടങ്ങിയതോടെ ചേലക്കര, പാഞ്ഞാൾ, മുള്ളൂർക്കര തുടങ്ങിയ മൂന്ന് പഞ്ചായത്തുകളിലേക്കും വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിലേക്കുമുള്ള ജല വിതരണം ഒരു മാസത്തിലേറെയായി മുടങ്ങിയിരിക്കുകയാണ്. ഭാരതപ്പുഴയിൽ കൂടുതൽ വെള്ളം എത്താൻ മലമ്പുഴ ഡാം തുറക്കണമെന്ന ആവശ്യം ശക്ത മാവുകയാണ്.