തൃശൂര്‍ കൊഴുക്കുള്ളിയില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ മകന് ബൈക്കോടിച്ചതിന് അമ്മയ്ക്കു കാല്‍ലക്ഷം രൂപ പിഴ. പിഴയടച്ചില്ലെങ്കില്‍ അഞ്ചു ദിവസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചു.
കഴിഞ്ഞ ജനുവരി 20ന് രാവിലെ പത്തു മണിയോടെ തൃശൂര്‍ പൂച്ചെട്ടിയിലായിരുന്നു മൂന്നു വിദ്യാര്‍ഥികള്‍ സ്കൂട്ടറില്‍ വന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍. സ്കൂട്ടര്‍ ഓടിച്ചിരുന്നത് പതിനേഴുകാരന്. പ്ലസ്ടു വിദ്യാര്‍ഥി. അമ്മയുടെ പേരില്‍ ആയിരുന്നു വണ്ടി. ഒന്നാംപ്രതി അമ്മ. രണ്ടാം പ്രതി വിദ്യാര്‍ഥി. മൂന്നാം പ്രതി അച്ഛന്.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രക്ഷിതാക്കളെ വിളിപ്പിച്ചു. വീഴ്ച പറ്റിയെന്ന് കോടതി മുമ്പാകെ സമ്മതിച്ചു അമ്മ കുറ്റമേറ്റു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛനെ കോടതി ശിക്ഷിച്ചില്ല. സ്കൂട്ടറിന്റെ ഉടമകൂടിയായ അമ്മയോട് ഇരുപത്തിയ്യായിരം രൂപ പിഴയൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി ടി.മഞ്ജിത്തിന്റേതാണ് വിധി.