അനിശ്ചിതത്വത്തിൽ കിടക്കുന്ന അഴീക്കോട് മുനമ്പം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് അഴീക്കോട് പ്രവാസി അസോസിയേഷൻ U A E (തൃശൂർ കൊടുങ്ങല്ലൂർ അഴിക്കോട് നിവാസികളായ പ്രവാസികളുടെ സംഘടന) എഴുതിയ കത്ത് ശ്രദ്ധേയമാകുന്നു.
എറണാകുളത്തിന്റെയും തൃശ്ശൂരിന്റെയും തീരദേശ പ്രദേശങ്ങളായ വൈപ്പിൻ ദ്വീപിലെ മുനമ്പത്തെയും കൊടുങ്ങല്ലൂരിലെ അഴീക്കോടിനെയും ബന്ധിപ്പിക്കുന്നതും നിർദ്ദിഷ്ട തീരദേശ ഹൈവ്വേയിലെ പ്രധാന പാലങ്ങളിലൊന്നുമായ അഴീക്കോട് – മുനമ്പം പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് പ്രവാസികളുടെ കത്ത്. നിരവധി തവണ കല്ലിടൽ കർമ്മങ്ങളും ഉദ്ദ്യോഗസ്ഥതല ചർച്ചകളും, വിവിധങ്ങളായ ബഹുജന സമരങ്ങളും കാലാകാലങ്ങളിലായി നടന്നു വരുന്നുണ്ട്. എന്നാൽ യാതൊരു വിധ പുരോഗതിയും ഉണ്ടായതായി ഇതുവരെ ഉണ്ടായിട്ടില്ല. അടിയന്തിരമായി നിർമ്മാണം നടത്തേണ്ട പാലങ്ങളുടെ സർവ്വേയിൽ , ഏറെക്കാലമായി ഏറ്റവും മുന്നിൽ നിൽക്കുന്ന പ്രാധാന പാലങ്ങളിൽ ഒന്നാണിത്.

ഈ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയം , 2016 ൽ ഇടത് പക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ കൈപ്പമംഗലം എം എൽ എ ടൈസൺ മാസ്റ്ററുടെ ശ്രമഫലമായി നിയമസഭയിൽ പരിഗണിക്കുകയും അന്ന് പ്രാരംഭ പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന തുക അനുവദിക്കുകയും ചെയ്തു.
2021 ൽ ഇടതു പക്ഷ സർക്കാരിന്റെ തുടർ ഭരണ മന്ത്രിസഭയിൽ ഈ വിഷയം മന്ത്രിയുടെ മുൻപാകെ എത്തുകയും ഒരു തവണ മന്ത്രിയും ഉദ്ദ്യോഗസ്ഥരും പാലം നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന പ്രദേശം സന്ദർശിക്കുകയും വേണ്ടുന്ന നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽക്കുകയും ചെയ്യുകയുണ്ടായി. അങ്ങനെ ടെണ്ടർ നടപടികൾ ആരംഭിച്ചതായും ചില സാങ്കേതിക കാരണങ്ങളാൽ ആദ്യ രണ്ട് ടെണ്ടറുകളും കരാർ ഉറപ്പിക്കാൻ കഴിയാതെ റദ്ദാക്കിയതായുമാണ് അറിയുന്നത്.

അവസാനമായി വിളിച്ച ടെണ്ടറിൽ മൂന്ന് സ്ഥാപനങ്ങൾ പങ്കെടുക്കയും അർഹതപ്പെട്ട സ്ഥാപനവുമായുള്ള കരാർ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്നുമാണ് വിവരം. ടെണ്ടർ വിളിച്ച് മാസങ്ങൾ കഴിഞ്ഞീട്ടും , തൃശൂർ എറണാകുളം ജില്ലകളിലെ ചരിത്ര പ്രധാന്യമുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളെയും , തിരക്കേറിയ മത്സ്യബന്ധന ഹാർബറുകളെയും ബന്ധിപ്പിക്കുന്നതും , ജങ്കാറിനെ മാത്രം ആശ്രയിക്കുന്ന നിരവധി ജനങ്ങളുടെ യാത്രാ ക്ലേശങ്ങൾക്ക് പരിഹാരമാകുന്നതുമായ ഈ പാലത്തിന്റെ നിർമ്മാണം അകാരണമായി വീണ്ടും നീണ്ട് പോയിക്കൊണ്ടിരിക്കുകയാണ്.
പൊതുമരാമത്ത് വകുപ്പിൽ അതിനൂതങ്ങളായ നിരവധി മാറ്റങ്ങൾക്ക് തുടക്കം കുറിച്ച്, യുവജനങ്ങൾക്ക് പ്രചോദനമായി മാറിയ മന്ത്രി തീരദേശ നിവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട് – മുനമ്പം പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിൽ നേരിട്ടിരിക്കുന്ന തടസ്സം അടിയന്തിരമായി ഇടപെട്ട് നീക്കി എത്രയും പെട്ടന്ന് നിർമ്മാണം ആരംഭിക്കുവാൻ വേണ്ട നടപടികൾ സ്വികരിക്കണമെന്നുമാണ് പ്രവാസികളുടെ കത്ത്.







