സ്കൂളുകൾ സജ്ജമാകേണ്ടത് ഇങ്ങനെ.? എന്താണ് ബയോബബിള്‍.?സ്‌കൂളുകളില്‍ എങ്ങിനെയാണ് ബയോബബിള്‍ നടപ്പിലാക്കുക.?

കഴിഞ്ഞ ഒന്നര വർഷത്തിന് ശേഷമാണ് സ്കൂളുകൾ തുറക്കാനൊരുങ്ങുന്നത്. നവംബർ ഒന്നിന് തുറക്കുന്ന വിദ്യാലയങ്ങൾ പൂർണമായും സുരക്ഷാ ക്രമീകരണങ്ങൾ സജ്ജീകരിച്ചായിരിക്കും കുട്ടികളെ വരവേൽക്കുക. നവംബർ ഒന്ന് മുതൽ 1 മുതൽ 7 വരെ ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും അതിനെ തുടർന്ന് നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കേണ്ടതാണ്. പരസ്പര സമ്പർക്കം ഒഴിവാക്കാൻ ബയോബബിൾ സംവിധാനമുൾപ്പടെയുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

എന്താണ് ബയോബബിള്‍?തെരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക്, നിശ്ചയിക്കപ്പെട്ട ചുറ്റുപാടില്‍ കൊവിഡ് പോലുള്ള വൈറസുകളില്‍നിന്നു സുരക്ഷ നല്‍കാനുള്ള സംവിധാനമാണു ബയോബബിള്‍. ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ സുരക്ഷിതമായി നടത്താന്‍ ഈ സംവിധാനത്തെ ആശ്രയിച്ചിരുന്നു.

സ്‌കൂളുകളില്‍ എങ്ങിനെയാണ് ബയോബബിള്‍ നടപ്പിലാക്കുക?   ഒരു ബെഞ്ചില്‍ രണ്ടു കുട്ടി എന്ന നിലയിലായിരിക്കും സ്‌കൂളുകളില്‍ ബയോബബിള്‍ നടപ്പിലാക്കുക. സ്‌കൂള്‍ അസംബ്ലി നടത്തില്ല. ക്ലാസില്‍ പകുതി കുട്ടികളെ മാത്രം അനുവദിക്കുകയുള്ളു. കുട്ടികളെ കൂട്ടം ചേരാന്‍ അനുവദിക്കില്ല. അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരായ അധ്യാപകര്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങി എല്ലാവരും പൂര്‍ണമായും വാക്സിനേഷന്‍ കഴിഞ്ഞവരാണെന്ന് ഉറപ്പുവരുത്തും. ഇവരല്ലാതെ പുറത്തു നിന്ന് മറ്റൊരാളെയും സ്‌കൂളുകളിലേക്ക് പ്രവേശിപ്പിക്കുകയുമില്ല.

സ്കൂളുകൾ സജ്ജമാകേണ്ടത് ഇങ്ങനെ: 1 . കുട്ടികൾ ഇടപഴകുന്ന എല്ലായിടങ്ങളും അണു വിമുക്തമാക്കേണ്ടതാണ്. 2. ഉചിതമായ സ്ഥലങ്ങളിൽ സോപ്പും വെള്ളവും ലഭ്യമാക്കേണ്ടതാണ്. 3. മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവയുടെ കരുതൽ ശേഖരം സ്‌കൂളുകളിൽ ഉണ്ടായിരിക്കേണ്ടതാണ്. 4. സ്‌കൂൾ കവാടത്തിൽ തെർമൽ സ്‌കാനിംഗിനുളള സൗകര്യം ഒരുക്കണം. കവാടത്തിൽ തിരക്ക് ഉണ്ടാകാത്ത വിധത്തിൽ മതിയായ എണ്ണം ഉപകരണങ്ങളും ജീവനക്കാരും ഉണ്ടാകണം.

5. ഓരോ ദിവസവും ക്ലാസ്മുറികൾ അണുവിമുക്തമാക്കേണ്ടതാണ്. 6. ശുചിമുറികൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേതാണ്. 7. ടോയ്‌ലെറ്റുകൾ, ശുചിമുറികൾ, ലാബുകൾ എന്നിവിടങ്ങളിൽ എക്‌സ്‌ഹോസ്റ്റ് ഫാനുകൾ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.

8. കുട്ടികൾ കുടിവെള്ളം വീടുകളിൽ നിന്നും കൊണ്ടു വരേണ്ടതാണ്. സ്‌കൂളിലെ പൊതുവായ കുടിവെള്ള സൗകര്യം ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ പേപ്പർ കപ്പുകൾ ക്രമീകരിക്കേണ്ടതാണ്. 9. സ്റ്റാഫ് റൂമിലും ലഭ്യമായ മറ്റ് മുറികളിലും/ഹാളുകളിലും അദ്ധ്യാപകർക്ക് മതിയായ അകലത്തിൽ സീറ്റുകൾ നിശ്ചയിക്കേണ്ടതാണ്.

10. ഭിത്തികൾ കഴിയാവുന്നതും പെയ്ന്റ് ചെയ്ത് മനോഹരമാക്കി കുട്ടികളെ സ്വീകരിക്കാൻ സജ്ജമാക്കുന്നത് ഉചിതമായിരിക്കും. 11. ദീർഘകാലം അടഞ്ഞുകിടന്നതിനാൽ സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം നടത്തണം. സ്‌കൂളും പരിസരവും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും വേണം. കെട്ടിടങ്ങളോടൊപ്പം പാചകപ്പുര, ഫർണിച്ചർ, ഉപകരണങ്ങൾ, സ്‌കൂൾബസ് തുടങ്ങി കുട്ടികളുടെ സാന്നിധ്യം ഉണ്ടാകാവുന്ന എല്ലാ ഇടങ്ങളും അണുനശീകരണത്തിന് വിധേയമാക്കണം. വാട്ടർ ടാങ്ക്, അടുക്കള, കാന്റീൻ, ശുചിമുറി, വാഷ്‌ബെയ്‌സിൻ, ലാബ്,ലൈബ്രറി എന്നിവ ഉൾപ്പെടെ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കേണ്ടതാണ്.

12. ദീർഘനാളായി സ്‌കൂളുകൾ അടഞ്ഞുകിടന്നതിനാൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമുള്ള തുടർനടപടികൾ സ്വീകരിക്കേണ്ടതുമാണ്. 13. നിലവിൽ നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന സ്‌കൂളുകളിൽ കുട്ടികൾക്ക് പരിപൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതാണ്. കുട്ടികളുടെ സഞ്ചാരം തടസ്സപ്പെടാത്ത രീതിയിൽ നിർമ്മാണ വസ്തുക്കൾ സൂക്ഷിക്കേണ്ടതാണ്. കുട്ടികളും നിർമ്മാണത്തൊഴിലാളികളും തമ്മിൽ ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതാണ്.

14. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ നിർബന്ധമായും അണു വിമുക്തമാക്കേണ്ടതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതാണ്. 15. സ്‌കൂളുകളിൽ ദീർഘകാല ഇടവേളയ്ക്കുശേഷം എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ ക്ലാസും, സ്‌കൂൾ കാമ്പസ്സും പരിസരവും മനോഹരമായി അലങ്കരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഇത് സഹായകരമാകും.

16. സ്‌കൂൾ പരിസരങ്ങളിലും ക്ലാസ്സുകളിലും കൊവിഡ് അനുയോജ്യ പെരുമാറ്റരീതികൾ വിവരിക്കുന്ന ബോർഡുകൾ/പോസ്റ്ററുകൾ സ്ഥാപിക്കേണ്ടതാണ്. സാമൂഹിക/ശാരീരിക അകലം പാലിക്കുന്നത് കുട്ടികെള ഓർമ്മിപ്പിച്ചുകൊണ്ട് പോസ്റ്ററുകൾ, സ്റ്റിക്കറുകൾ, സൂചനാബോർഡുകൾ എന്നിവ പ്രവേശന കവാടം, ക്ലാസ്സ് റൂമുകൾ,ലൈബ്രറികൾ,കൈകൾ വൃത്തിയാക്കുന്ന ഇടങ്ങൾ, വാഷ്‌റൂമിന് പുറത്ത്, സ്‌കൂൾ ബസ് തുടങ്ങിയ ഇടങ്ങളിൽ പതിക്കാൻപ്രത്യേകം ശ്രദ്ധിക്കണം.

17. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം,കൈകൾ കഴുകുന്ന സ്ഥലം, വാഷ്‌റൂം തുടങ്ങിയ ഇടങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നിശ്ചിത അകലത്തിൽ അടയാളപ്പെടുത്തലുകൾ വരുത്തേണ്ടതാണ്. 18. ഓരോ ക്ലാസ്ടീച്ചറും അവരവരുടെ ക്ലാസിലെ കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കേണ്ടതാണ്. കുട്ടിയുടെ താമസസ്ഥലം, സ്‌കൂളിലേക്കുള്ള ദൂരം, താമസിക്കുന്ന തദ്ദേശഭരണ സ്ഥാപനം, വാർഡ്, വീട്ടിലെ അംഗങ്ങൾ, അവരുടെ പ്രായം, ആർക്കെങ്കിലും രോഗങ്ങൾ ഉണ്ടോ എന്നത്, എല്ലാവരും വാക്‌സിൻ എടുത്തിട്ടുണ്ടോ, ഡോസുകളുടെ എണ്ണം, എത്ര ദിവസം മുമ്പാണ് വാക്‌സിൻ എടുത്തത്, സ്‌കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്ര തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.

19. ക്ലാസ്സുകൾക്ക് നൽകുന്ന ഇന്റർവെൽ, സ്‌കൂൾ ആരംഭിക്കുന്ന സമയം, സ്‌കൂൾ വിടുന്ന സമയം എന്നിവയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി ടോയ്‌ലറ്റുകൾ, സ്‌കൂൾ ഗേറ്റുകൾ എന്നിവിടങ്ങളിലെ കൂട്ടം ചേരൽ ഒഴിവാക്കാക്കേണ്ടതാണ്. 20. ക്ലാസ്സ് റൂമിലും സ്‌കൂളിന്റെ പരിസരങ്ങളിലും കുട്ടികളോ ജീവനക്കാരോ യാതൊരു കാരണവശാലും കൂട്ടംകൂടരുത്.

21. പ്രവൃത്തിദിനങ്ങളിൽ എല്ലാ അദ്ധ്യാപകരും സ്‌കൂളിൽ ഹാജരാകേണ്ടതും പ്രധാനാദ്ധ്യാപകന്റെ നിർദ്ദേശാനുസരണം സുരക്ഷാക്രമീകരണ ജോലികളിൽ ഏർപ്പെടേണ്ടതുമാണ്. 22. കൂട്ടംചേരൽ അനുവദനീയമല്ലാത്തതിനാൽ അടുത്തിടപഴകേണ്ട കായികവിനോദങ്ങൾ, സ്‌കൂൾ അസംബ്ലി, ഒരുമിച്ചിരുന്നുളള ഭക്ഷണം കഴിക്കൽ തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്. 23. പഠനോപകരണങ്ങൾ, ഭക്ഷണം, കുടിവെളളം എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കുവാൻ പാടുളളതല്ല.

24. സ്‌കൂൾക്യാമ്പസിനുള്ളിൽ എല്ലാവരും മുഴുവൻ സമയവും മാസ്‌ക് ധരിക്കേണ്ടതാണ്. 25. പ്രാക്ടിക്കൽ ക്ലാസ്സുകൾ ചെറിയ ഗ്രൂപ്പുകളായി നടത്തേണ്ടതാണ്. 26. ഒന്നിലധികം പേർ ഉപയോഗിക്കാൻ സാധ്യതയുളള ഉപകരണങ്ങൾ ഓരോ കുട്ടിയുടെ ഉപയോഗത്തിനുശേഷവും അണുവിമുക്തമാക്കേണ്ടതാണ്. 27.ക്ലാസ് റൂമുകൾ, ഹാളുകൾ എന്നിവ പൂർണ്ണമായി തുറന്നിടേണ്ടതും വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്