സംസ്ഥാനത്തെ പോളി ടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററൽഎൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവ വിഷയങ്ങളായി പഠിച്ച് പ്ലസ് ടു പാസ്സായവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഒരുമിച്ചു 50 ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാം. ഈ വിഷയങ്ങൾ പഠിച്ച വി. എച്ച്. എസ്. ഇ കാർക്കും പ്ലസ്ടുവിന് തുല്യതയുണ്ടെങ്കിൽ അപേക്ഷിക്കാം.
എ. ഐ. സി. റ്റി. ഇ മാനദണ്ഡ പ്രകാരം ഈ വർഷം മുതൽ രണ്ടുവർഷ ഐ. റ്റി. ഐ/ കെ. ജി. സി. ഇ കോഴ്‌സുകൾ പാസായവർക്ക് തങ്ങളുടെ നൈപുണ്യ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഡിപ്ലോമ പ്രോഗ്രാമിലേക്ക് ലാറ്ററൽ എൻട്രി വഴി നേരിട്ട് രണ്ടാം വർഷത്തിലേക്ക് പ്രവേശനം ലഭിക്കും. ഇവർക്ക് ഒന്നാം വർഷ ഡിപ്ലോമ പ്രവേശനത്തിന് നീക്കി വച്ച മുഴുവൻ സീറ്റുകളും ഈ വർഷം മുതൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് നേരിട്ട് പൂർത്തിയാക്കാം. കഴിഞ്ഞ വർഷംവരെ ഐ. റ്റി. ഐ/ കെ .ജി. സി. ഇ കോഴ്‌സുകൾ പഠിച്ചവർക്ക് മൂന്ന് വർഷം കൊണ്ട് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
പോളിടെക്‌നിക് കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ മുൻപ് പഠിച്ചവർക്കോ അപേക്ഷിക്കാനാവില്ല. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ പ്രോസ്‌പെക്ടസിൽ പ്രതിപാദിച്ചിട്ടുള്ള ഒന്നാംവർഷത്തിന്റെ ക്രെഡിറ്റ് ലഭ്യമാക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസ്സാകണം. 300 രൂപയാണ് അപേക്ഷാ ഫീസ് (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 150 രൂപ). അപേക്ഷ www.polyadmission.org/let ൽ ഓൺലൈനായി ഇന്ന് (ആഗസ്റ്റ് 6) മുതൽ 17വരെ നൽകാം. അപേക്ഷയോടൊപ്പം അപേക്ഷാഫീസും ഓൺലൈനായി അടയ്ക്കണം.
മാർക്കിന്റെ അടസ്ഥാനത്തിലാണ് റാങ്കുകൾ തയ്യാറാക്കുന്നത്. റാങ്കുകളുടെ അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ വഴിയായിരിക്കും പ്രവേശനം. അർഹതയുള്ളവർക്ക് ജാതി സംവരണവും ലഭിക്കും. 22ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ 27നുള്ളിൽ പ്രവേശനം നടത്തും. കോ വിഡ്-19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം നടത്തുക.