ഒല്ലൂര്‍ തൈക്കാട്ടുശേരി ഗ്രാമത്തെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയ ഇ.ടി നാരായണന് മൂസ് (87) അന്തരിച്ചു. വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. 1933 സെപ്തംബര്‍ 15നാണ് (1109 ചിങ്ങം 31) ജനനം. ആയുര്‍വേദ ചികിത്സാ രംഗത്ത് നല്കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്കാരവും നല്കി ആദരിച്ചു.
മുത്തച്ഛന് നാരായണന് മൂസിനെ 1924ല്‍ ബ്രിട്ടീഷ് വൈസ്രോയി ‘വൈദ്യരത്ന’ ബഹുമതി നല്കി ആദരിച്ചു. അച്ഛന് ഇ.ടി നീലകണ്ഠന് മൂസിന് 1992ല്‍ പത്മശ്രീ ലഭിച്ചു. 2010ല്‍ നാരായണന് മൂസിന് പത്മഭൂഷണും ലഭിച്ചു. കേരളത്തില്‍ ആദ്യകാലത്ത് 16 അഷ്ടവൈദ്യകുടുംബങ്ങള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ആറാണ്. അതില്‍ പ്രമുഖമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ‘വൈദ്യരത്ന’ ബഹുമതി നല്കിയ എളേടത്ത് മന. ആയുര്‍വേദം അംഗീകരിച്ച എട്ടു ശാഖകളില്‍ സ്പെഷ്യലൈസ് ചെയ്യുമ്പോഴാണ് അഷ്ടവൈദ്യനാവുക.
1941ല്‍ നാരായണൻ മൂസിന്റെ അച്ഛന് നീലകണ്ഠന് മൂസാണ് വൈദ്യരത്നം ഔഷധശാല തുടങ്ങിയത്. 1954ല്‍ നാരായണന് മൂസ് ചുമതലക്കാരനായി. കലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഒല്ലൂര്‍ വൈദ്യരത്ന ആയുര്‍വേദ കോളേജ്, നേഴ്സിങ് കോളേജ്, മൂന്ന് ഔഷധ നിര്‍മാണശാല, കേന്ദ്ര ആയുഷ് വകുപ്പിന്റെ സെന്റര്‍ ഓഫ് എക്സലന്‍സ് അംഗീകാരം നേടിയ ആയുര്‍വേദ ഗവേഷണ കേന്ദ്രം, ചാരിറ്റി ഹോസ്പിറ്റല്‍, മൂന്ന് ആയുര്‍വേദ ഔഷധ ഫാക്ടറികള്‍,നിരവധി ഔഷധശാലകള്‍ തുടങ്ങിയവയുടെ സ്ഥാപകനുമാണ് നാരായണന് മൂസ്. ആയിരത്തിലധികം പേര്‍ക്ക് ഈ സ്ഥാപനങ്ങള്‍ തൊഴില്‍ നല്കുന്നു. ഇന്ന് രാവിലെ 9ന് സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടന്നു.