ഗുരുവായൂർ കിഴക്കേ നടയിൽ മാവിൻ ചുവടിന് സമീപം ഡ്രീം വേൾഡ് ഫ്ലാറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഒ പേഴ്സ്യ എന്ന റസ്റ്റോറന്റിൽ നിന്നാണ് നഗരസഭ ആരോഗ്യ വിഭാഗം കേടുവന്ന ഭക്ഷണം പിടിച്ചെടുത്തത്. ഇതോടെ പഴകിയ ഭക്ഷണം വിതരണം ചെയ്ത റസ്റ്റോറന്റ് നഗരസഭ പൂട്ടിച്ചു. ശനിയാഴ്ച്ച വൈകീട്ട് ഇവിടെ നിന്നും ഒരാള്‍ പാർസൽ വാങ്ങിയ ചിക്കൻ പഴകിയതായിരുന്നു.
തുടര്‍ന്ന് നഗര സഭ ആരോഗ്യ വിഭാഗത്തെ വിളിച്ചു പരാതി പറഞ്ഞു. പരാതി ലഭിച്ച ആരോഗ്യ വിഭാഗം രാത്രി തന്നെ റസ്റ്റോറന്റില്‍ മിന്നൽ പരിശോധന നടത്തി. രജിത് കുമാര്‍,ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗം ഉദ്ധ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും ചിക്കന്‍ എല്ലാം പാര്‍സല്‍ ആയി കൊടുത്ത് തീര്‍ന്നിരുന്നു. കൂടുതല്‍ പരിശോധനയില്‍ ആണ് പാകം ചെയ്ത ബീഫ് ഫ്രൈ 3 കിലോ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തിയത്.
കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആളുകൾക്ക് റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിന് ഇരിപ്പിടം ഒരുക്കിയിട്ടുള്ളതെന്നും കണ്ടെത്തി. സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നില്ല. ഇതേ തുടർന്ന് അടിയന്തിരമായി രാത്രി തന്നെ റസ്റ്റോറന്റ് അടച്ചു പൂട്ടാൻ നഗരസഭ സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകി. നോട്ടീസ് ലഭിച്ച ഉടൻ തന്നെ ഉടമ റസ്റ്റോറന്റ് അടച്ചു പൂട്ടി.