സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി നൽകുന്ന വിവിധ സഹായങ്ങളും സേവനങ്ങളും പരസ്യവിതരണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.
പല വിദ്യാലയങ്ങളിലും പാവപ്പെട്ട കുട്ടികൾക്കായി പിടിഎ, സന്നദ്ധ സംഘടനകൾ എന്നിവ സ്കൂൾ യൂണിഫോം, ബാഗ്, നോട്ട് ബുക്കുകൾ, മറ്റു പഠനോപകരണങ്ങൾ തുടങ്ങിയവ പരസ്യ പ്രചാരണം നടത്തിയും പൊതുയോഗങ്ങൾ സംഘടിപ്പിച്ചും വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.
സഹായങ്ങൾ സ്വീകരിക്കുന്ന കുട്ടികൾ മറ്റു കുട്ടികൾക്കിടയിൽ രണ്ടാംതരം പൗരന്മാരായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യവും പൂർണമായും ഒഴിവാക്കണം. കുട്ടികൾക്ക് സഹായ വിതരണം ചെയ്യുമ്പോൾ യാതൊരുവിധ പരസ്യ പ്രചരണവും നടത്തുന്നില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർമാർ, അസിസ്റ്റൻറ് ഡയറക്ടർമാർ( വി എച്ച് എസ് ഇ), റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ(ഹയർസെക്കന്ററി), ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പ്രിൻസിപ്പൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഹെഡ്മാസ്റ്റർമാർ എന്നിവർ ഉറപ്പുവരുത്തേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു