നാട്ടിലേക്ക് മടങ്ങാനുള്ള മോഹങ്ങൾ ബാക്കിയാക്കി സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കണ്ണീരോർമ്മ സമ്മാനിച്ച് ഹനീഫ ഒമാൻ മണ്ണിൽ അന്ത്യവിശ്രമത്തിലേക്ക്. ഏറെ നാളുകളായി നാട്ടിലേക്ക് മടങ്ങാനുള്ള എംബസി യുടെ ഫോൺ വിളിക്കായി കാത്തിരുന്ന ഹനീഫ ആ വിളി കേൾക്കാൻ പോലും കാത്തിരിക്കാതെയാണ് ജീവിതത്തിന് പൂർണവിരാമമിട്ടത്.
തൃശൂർ കുമ്പളക്കോട് പഴയന്നൂർ തേക്കേക്കുളം വീട്ടിലെ മുഹമ്മദ് ഹനീഫ ഒമാനിലെ ഗാലയിലെ ടീജാൻ കമ്പനി ജീവനക്കാരനായിരുന്നു. ജോലി സ്ഥലത്ത് കുഴഞ്ഞു വീണാണ് 53 വയസുകാരനായ ഹനീഫ മരണപ്പെട്ടത് .
10 വർഷത്തിലധികമായി ഒമാനിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം രണ്ട് മാസം മുൻപ് മകൾ മരണപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങി വരുന്നതിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതോടെ തിരികെ നാട്ടിലേക്ക് മടങ്ങുവാൻ കഴിഞ്ഞില്ല.
മകൾ മരിച്ചതോടെ മാനസികമായി തകർന്ന ഹനീഫയെ നാട്ടിലെത്തിക്കാൻ പ്രവാസി വെൽഫെയർ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. എന്നാൽ ആരെയും കാത്തു നിൽക്കാതെ ഹനീഫ യാത്രയായി.