കൊടുങ്ങല്ലൂരിലെ ഓട്ടോറിക്ഷകൾ ഇനി സുരക്ഷാകവചത്തിൽ സഞ്ചരിക്കും. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും യാത്രക്കാർക്കും സുരക്ഷാകവചമൊരുക്കിയത് ഒരുസംഘം എൻജിനീയറിങ് വിദ്യാർത്ഥികളാണ്.
പി.വി.സി. ഷീറ്റ് ഉപയോഗിച്ചുള്ള സുരക്ഷാകവചം ഡ്രൈവർക്കും യാത്രക്കാർക്കുമിടയിൽ ഘടിപ്പിച്ചാണ് സാമൂഹിക അകലം ഉറപ്പു വരുത്തുന്നത്. എളുപ്പത്തിൽ ഘടിപ്പിക്കാനും, വൃത്തിയിക്കാനും സാധിക്കുന്ന രീതിയിലാണ് രൂപകൽപ്പന എന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
പാലക്കാട് എൻ.എസ്.എസ്. എൻജിനീയറിങ് കോളേജിലെ വി.എസ്.മുഹമ്മദ് നാസിഖ്, കൊരട്ടി എസ്.സി.എം.എസ്. എൻജിനീയറിങ് കോളേജിലെ ഫാദിഖ്, ബെംഗളൂരു ആർ.ആർ. കോളേജിലെ മുഹമ്മദ് സജിദ് എന്നിവർ ചേർന്നാണ് ഇത് രൂപകൽപ്പന ചെയ്തത്. രോഗപ്പകർച്ച പൂർണമായും തടയാൻ ഇതുകൊണ്ട് കഴിയുമെന്നും ഇൗ വിദ്യാർത്ഥികൾ അവകാശപ്പെടുന്നു.