മഹിളാ കോൺഗ്രസ് നേതാവും കൗൺസിലറുമായ യുവതിക്കെതിരെ പോസ്റ്ററിലൂടെ അശ്ലീല പ്രചരണം നടത്തിയെന്ന പരാതിയിൽ ഡിസിസി സെക്രട്ടറിക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. ചാവക്കാട് പുന്ന വാർഡ് കൗൺസിലർ ഹിമ മനോജിന്റെ പരാതിയിലാണ് ഡിസിസി സെക്രട്ടറി പി യതീന്ദ്ര ദാസിനെതിരെ പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരം സ്ത്രീകളെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ് ചാർജ് ചെയ്തത്.
കഴിഞ്ഞ ആഴ്ചയാണ് യുവതിയെ അപമാനിച്ച് ചാവക്കാട് പുന്ന മേഖലകളിൽ വ്യാപകമായി പോസ്റ്റർ പ്രചരിപ്പിച്ചത്. പിന്നീട് ഈ പോസ്റ്ററുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് യുവതി നൽകിയ പരാതിയിലാണ് ഡിസിസി സെക്രട്ടറിക്കെതിരെ കേസെടുത്തത്. കോൺഗ്രസ് കൗൺസിലർ കൂടിയായ യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ഒരു വർഷം മുൻപത്തെ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച ആൾ കൂടിയാണ് ഇദ്ദേഹം.