തൃശൂർ പൂരത്തിനിടെ വിദേശവനിതയെ അപമാനിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ആലത്തൂർ സ്വദേശി സുരേഷ് (മധു) ആണ് പിടിയിലായത്. ആലത്തൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് തൃശൂർ ഈസ്റ്റ് പോലീസിന് കൈമാറി.
പൂരം കാണാനെത്തിയ വ്ളോഗറായ വിദേശവനിതയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ താൻ നേരിട്ട ദുരനുഭവം ഇംഗ്ലണ്ട് സ്വദേശിനിയായ വനിത ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
പൂരത്തിന്റെ അന്ന് രാത്രിയിലായിരുന്നു സംഭവം. വ്ളോഗിനായി പൂരം ചിത്രീകരിക്കുന്നതിനിടെ ശ്രീമൂലസ്ഥാനത്തുവെച്ച് മധുവുമായി ഇവർ സംസാരിച്ചു. സംസാരത്തിനൊടുവിലാണ് ഇയാൾ യുവതിയോട് മോശമായി പെരുമാറിയത്. എന്നാൽ, അന്ന് സംഭവം പുറത്തറിഞ്ഞിരുന്നില്ല. യുവതി പരാതിയും നൽകിയിരുന്നില്ല.
യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും അന്ന് ലഭ്യമായിരുന്നില്ല. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തി നൊടുവിലാണ് പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തത്.