വെസ്റ്റ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് പോലീസ് അയ്യന്തോൾ എസ്എം ലൈനിൽ മുട്ടത്ത് റപ്പായിയുടെ വീട്ടിൽ എത്തിയപ്പോഴാണ് വേദനാജനകമായ ഒരു കാഴ്ചകണ്ടത്. റപ്പായിയുടെ മകൻ സിജോ സെറിബ്രൽ പാഴ്സി എന്ന അസുഖം മൂലം ജന്മനാ ചികിത്സയിലാണ്. അച്ഛൻ റപ്പായി അംഗപരിമിതനുമാണ് . ഭാര്യ മരണപെട്ടിട്ട് വർഷങ്ങൾ ആയതിനാൽ ഇവർ മാത്രമാണ് വീട്ടിലുള്ളത്.ഇരുവർക്കും ലഭിക്കുന്ന പെൻഷൻ കൊണ്ടാണ് ഇവർ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത് . ലോക്ക് ഡൗൺ മൂലം ആശുപത്രിയിൽ പോകാനാകാതേയും മരുന്ന് മുടങ്ങിയും സിജോ ദിവസങ്ങളായി അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു . അംഗപരിമിതനായ റപ്പായി മകനെ പുറത്ത് കൊണ്ടുപോകാനാകാതെയും വീട്ടിലെ ബുദ്ധിമുട്ടുകളിലും വിഷമിക്കുന്ന അവസ്ഥയിലാണ് ജനമൈത്രി പോലീസ് ഗൃഹസന്ദർശനത്തിന് എത്തുകയും ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്തത്.
എസ് ഐമാരായ അജിത് , നിഖിൽ , സിപിഒ മാരായ സുധീർ , ജനമൈത്രി ബീറ്റ് ഓഫീസർ ആയ കിരൺ , പോലീസ് ട്രെയിനി സൈൻ എന്നിവർ സ്ഥലത്ത് എത്തി സിജോയെ പടിഞ്ഞാറെ കോട്ടയിലെ മാനസികാരോഗ്യ ആശുപത്രിയിൽ എത്തിച്ചു . ചികിത്സക്കു ശേഷം ഇവരെ വീട്ടിലെത്തിച്ച വെസ്റ്റ് പോലീസ് സിജോയ്ക്ക് ആവശ്യമായ മരുന്നും കിറ്റും നൽകിക്കൊണ്ടാണ് മടങ്ങിയത് .