കോവിഡ് 19 സമൂഹ വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നിർത്തി വെച്ച റോഡ് പണി പൂർത്തിയാകാറായി. കൂമ്പുള്ളി കെഎൽഡിസി ബണ്ട് റോഡിന്റെ പണി ആയിരുന്നു ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിയത്. മഴയ്ക്ക് മുൻപ് റോഡ് നിർമ്മിക്കാനായി ഈ മാസം 20 ന് പണി വീണ്ടും തുടങ്ങുകയായിരുന്നു. ഫിഷറീസ് വകുപ്പ് 51.30 ലക്ഷം രൂപയാണ് കണ്ണങ്ങോത്ത് – കൂമ്പുള്ളി ബണ്ട് റോഡ് നിർമ്മാണത്തിന് നൽകിയത്. തൊഴിലാളികളുടെ ആരോഗ്യസംരക്ഷണവും നിർമ്മാണ സാമഗ്രികളുടെ ലഭ്യതയും പരിശോധിക്കാൻ മുരളി പെരുനെല്ലി എം എൽ എ സ്ഥലം സന്ദർശിച്ചു. എളവള്ളി പഞ്ചായത്തിലെ മണിച്ചാൽ ബണ്ട് റോഡ് നിർമ്മാണം പുരോഗമിക്കുന്നുണ്ടെന്നും ഫിഷറീസ് വകുപ്പ് 31.30 ലക്ഷം രൂപ നിർമ്മാണ പ്രവർത്തനത്തിന് നൽകിയിട്ടുണ്ടെന്നും കളക്ടറുടെ ഇടപെടൽ മൂലമാണ് നിർമ്മാണ പ്രവർത്തനം വീണ്ടും തുടങ്ങിയതെന്നും എം എൽ എ പറഞ്ഞു.