
കുന്നംകുളം മലങ്കര ആശുപത്രിയിൽ 4 വയസ്സുകാരൻ മരിച്ചു. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. റൂട്ട് കനാലിനാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ ആറ് മണിയോടെ സർജറിക്കായി കുട്ടിയെ കൊണ്ടു പോയി. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ തയാറായില്ല. ശസ്ത്രക്രിയക്ക് ശേഷം കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായെന്നും പിന്നീട് കുട്ടി മരിച്ചതായും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.