മണലിപ്പുഴയിൽ ആയിരക്കണക്കിന് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ആമ്പല്ലൂർ മണലിപ്പാലം മുതൽ എറവക്കാട് ഷട്ടർ വരെയുള്ള ഭാഗങ്ങളിലാണ് മീനുകൾ ചത്തനിലയിൽ കണ്ടത്.പുഴയിൽ ഗന്ധകം കലക്കിയതാണ് മീനുകൾ ചാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. എറവക്കാട് ഷട്ടർ തുറന്നതുമൂലം കഴിഞ്ഞ ദിവസം പുഴയിൽ വെള്ളം നന്നേ കുറവായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് വിഷം കലർത്തി മീൻ പിടിക്കാനുള്ള ശ്രമമാണിതെന്നും കരുതുന്നു.
ബുധനാഴ്ച വൈകീട്ടു മുതൽ മീനുകൾ ചത്തു തുടങ്ങിയതായി നാട്ടുകാർ പറയുന്നു. വ്യാഴാഴ്ച രാവിലെ ആയിരക്കണക്കിന് നാടൻമീനുകളാണ് പുഴയിൽ ചത്തുപൊന്തിയത്. പുഴയുടെ സ്വാഭാവിക ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും നശിപ്പിക്കാൻ ശ്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം