എസ്എസ്എൽസി വിദ്യാർഥികൾക്ക് നടക്കാതെ പോയ കണക്ക് ,ഫിസിക്സ് ,കെമിസ്ട്രി പരീക്ഷകൾ ഓൺലൈനായി നടത്താൻ കെഎസ്ടിഎ തീരുമാനിച്ചു. ലോക് ഡൗണിൽ മാറ്റിവച്ച എസ്എസ്എൽസി പരീക്ഷകൾ നടക്കാനിരിക്കെ പഠിച്ച പാഠം മറന്നു പോകാതിരിക്കാനും കുട്ടികൾക്ക് പരിശീലനമായുമാണ് പരീക്ഷാ സഹായം ഒരുക്കുന്നത്. ജില്ലാ അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിലാണ് പരീക്ഷ നടത്തുന്നത്. ഇതിൽ കണക്ക് പരീക്ഷ ഞായറാഴ്ച നടന്നു. ഒരു മണിക്കൂറായിരുന്നു സമയം.
ആദ്യ മണിക്കൂറിൽ തന്നെ പതിനായിരത്തിലധികം വിദ്യാർഥികൾ പരീക്ഷയെഴുതി. വരും ദിവസങ്ങളിൽ ഫിസിക്സ്, കെമിസ്ട്രി പരീക്ഷ നടത്തും.മൂല്യനിർണയത്തിനുള്ള സൗകര്യം സോഫ്റ്റ്വെയറിൽ ഒരുക്കിയിട്ടുണ്ട്. ജില്ലാ അക്കാദമിക് കമ്മിറ്റി കൺവീനർ ഡെന്നി കെ ഡേവിഡ് , ജില്ലാ പ്രസിഡന്റ് സി സാജൻ ഇഗ്നേഷ്യസ്, സംസ്ഥാന എക്സി. കമ്മിറ്റി അംഗം ജെയിംസ് പി പോൾ, ജില്ലാ സെക്രട്ടറി വി കല, ജില്ല എക്സി. കമ്മിറ്റി അംഗം കെ വി പ്രദീപ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ബി ഫെർഡി , എ രവീന്ദ്രൻ, കെ കെ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷ നടത്തുന്നത്.