ജില്ലയിൽ വിസ്ക് പ്രവർത്തനസജ്ജമായി. കോവിഡ് 19 രോഗബാധിതരായ ആളുകളുടെ സ്രവം സുരക്ഷിതമായി എടുക്കാനായാണ് വിസ്ക് ഒരുക്കിയത്. കലക്ടറേറ്റിൽ ജില്ലാ കളക്ടർ എസ് ഷാനവാസ് വിസ്ക് പ്രവർത്തിപ്പിച്ചു ഉദ്ഘാടനം ചെയ്തു. ഡോക്ടറും രോഗിയും തമ്മിൽ നേരിട്ട് സമ്പർക്കമില്ലാതെ കോവിഡ് ബാധ ഉണ്ടെന്ന് സംശയിക്കുന്ന രോഗിയുടെ സ്രവം ശേഖരിക്കുന്നതിനാണ് വിസ്ക് സജ്ജീകരിച്ചിരിക്കുന്നത്.ഇതിന്റെ സേവനം മെഡിക്കൽ കോളേജിലാണ് ലഭ്യമാക്കുക.
ചതുരാകൃതിയിൽ രൂപകൽപ്പന ചെയ്ത കാബിനകത്ത് ഡോക്ടറും പുറത്ത് രോഗിയും ഇരിക്കുന്ന രീതിയിലാണ് വിസ്ക്കിന്റെ രൂപകൽപന ചെയ്തിരിക്കുന്നത്. ക്യാബിന് പുറത്തേക്ക് തുറന്നിരിക്കുന്ന ദ്വാരങ്ങളിലൂടെ ഡോക്ടർക്ക്
കൈകൾ പുറത്തേക്ക് നീട്ടി രോഗിയുടെ സ്രവം എടുക്കാവുന്ന രീതിയിലാണ് നിർമ്മാണം. തൃശൂർ ഗവൺമെൻറ് എൻജി. കോളേജ് കമ്പ്യൂട്ടർ സയൻസ് അസിസ്റ്റൻറ് പ്രൊഫസർ അജയ് ജയിംസിന്റെ നേതൃത്വത്തിൽ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികളായ പ്രണവ് ബാലചന്ദ്രൻ, അശ്വിൻ കുമാർ, സൗരവ് വിഎസ് എന്നീ വിദ്യാർത്ഥികളാണ് ഈ വിസ്ക് രൂപകല്പന ചെയ്തത്.