മാള∙ ബസ് കയറുന്നതിനിടെ അമ്മയുടെ ഒക്കത്ത് ഇരുന്നിരുന്ന മൂന്നുവയസുകാരന്റെ ഒരു പവന്റെ മാല പൊട്ടിച്ച് ഓടിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. മധുര തൊപ്പക്കുളം സ്വദേശിനി കാളിയത്ത (40) ആണ് അറസ്റ്റിലായത്.
മാള പഞ്ചായത്ത് ബസ് സ്റ്റാൻഡിലായിരുന്നു മോഷണം. ബസ് കയറാനുള്ള തിരക്കിലാണ് കാളിയത്ത മാല കവർന്നത്. കണ്ടശാൻകടവ് സ്വദേശിയായ യുവതിയുടെ മകന്റെ മാലയാണ് പൊട്ടിച്ചത്. കുട്ടിയുടെ അമ്മ ഇവരെ പിന്തുടർന്നപ്പോൾ മാല എറിഞ്ഞ് രക്ഷപ്പെട്ടു.
പിന്നീട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തെ വീട്ടിന്റെ ഗേറ്റിനു പിറകിൽ ഒളിച്ചിരുന്നു. വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു വയ്ക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു.