
ചാലക്കുടി: വിൽപനക്കായി കൊണ്ടു വന്ന കഞ്ചാവുമായി യാത്ര ചെയ്യുന്നതിനിടെ നിരവധി ലഹരി മരുന്ന്-ക്രിമിനൽ കേസുകളിൽ പ്രതിയെ പിടികൂടി. തൃശൂർ ചിയ്യാരം സ്വദേശിയായ മാങ്കൂട്ടത്തിൽ വീട്ടിൽ ഷനിൽ ഷൺമുഖൻ (29 വയസ്) എന്ന യുവാവാണ് പിടിയിലായത്.
കെ.എസ്.ആർ.ടി സി ബസിൽ കഞ്ചാവ് കടത്തുന്നതായി പ്രത്യേകാന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി സൗത്ത് ജംഗ്ഷനിലെ ബസ്സ് സ്റ്റോപ്പ് കേന്ദ്രീകരിച്ച് ബസുകളിൽ പ്രത്യേക പരിശോധന നടത്തുന്നതിനിടെയാണ് ഷമിൽ പിടിയിലാവുന്നത്.
ബസുകളിലെ പരിശോധന കണ്ട് തന്ത്രപൂർവ്വം സ്റ്റോപ്പിനു മുൻപേ ബസിൽ നിന്നു മിറങ്ങി ഇടവഴിയിലൂടെ കെ എസ്ആർടിസി സ്റ്റാന്റ് ലക്ഷ്യമാക്കി കുതിക്കുന്നതിനിടെ ഇയാളെ അതിസാഹസീകമായി പിടികൂടുകയായിരുന്നു.
അസ്വഭാവികമായി ഒരാൾ തിടുക്കപ്പെട്ട് ബസിൽ നിന്നുമിറങ്ങി ഇടവഴിയിലേക്ക് കുതിക്കുന്നത് ശ്രദ്ധയിൽ പെട്ട പോലീസ് സംഘം ഇടവഴി വളഞ്ഞാണ് രക്ഷപെടാൻ ശ്രമിച്ച ഷമിലിനെ പിടി കൂടിയത്. തുടർന്ന് ചാലക്കുടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. റിയാസിന്റെ സാന്നിധ്യത്തിൽ ദേഹപരിശോധന നടത്തി ഇയാളുടെ പക്കലുണ്ടായിരുന്ന സഞ്ചിയിൽ ഭദ്രമായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കഞ്ചാവിന്റെ രൂക്ഷ ഗന്ധം പുറത്തറിയാതിരിക്കാൻ സുഗന്ധ ദ്രവ്യം പൂശി സൂക്ഷിച്ചിരുന്ന നിലയിൽ കഞ്ചാവ് പൊതി കണ്ടെടുത്തത്.തമിഴ്നാട് തേനി ജില്ലയിലെ കന്നിവടി എന്ന സ്ഥലത്തു നിന്നും എറണാകുളം ജില്ലയിലെ അങ്കമാലി കേന്ദ്രീകരിച്ച് വിൽപനക്കെത്തിച്ചതാണ് കഞ്ചാവെന്ന് പിടിയിലായ ഷമിൽ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പിടിയിലായ ഷമിലിനെ വൈദ്യ പരിശോനനടത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കും.