ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സ്ത്രീകൾക്കു മാത്രമായുള്ള ഡയാലിസിസ് യൂണിറ്റ് സജ്ജമാകുന്നു. പുതിയ അഞ്ച് മെഷിനുകളാണു ഇതിനായി സ്ഥാപിക്കുന്നത്. യൂണിറ്റിന്റെ പ്രവർത്തനം ഡിസംബർ ആദ്യവാരം തന്നെ ആരംഭിക്കും.
ഇതിനായി 40 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. അഞ്ച് മെഷീനുകൾ ക്കൊപ്പം അനുബന്ധ സൗകര്യങ്ങളുമാ ണ് യൂണിറ്റിൽ സജ്ജീകരിക്കുന്നത്. ആശുപത്രിയിൽ സൗജന്യമായി നടത്തുന്ന ഡയാലിസിസിന് ഇതോടെ 40 പേർക്കു കൂടി അവസരം ലഭിക്കും . നിലവിൽ 148 പേരാണ് ഡയാലിസിസ് കേന്ദ്രത്തിലെത്തുന്നത്.
പുതിയ യൂണിറ്റ് പ്രവർത്തന സജ്ജമാകുന്നതോടെ 188 പേർ ഗുണഭോക്താക്കളാകും. ചികിത്സ ലഭിച്ചിരുന്ന 76 പേരിൽ നിന്നും 96 ആയി ഇതു ഉയരും.2013ലാണ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം സ്ഥാപിച്ചത്.മുൻ എം.പി എം ബി രാജേഷിന്റെ ശ്രമഫലമായാണ് ക്യാപ്റ്റൻ ലക്ഷ്മി സ്മാരക ഡയാലിസിസ് കേന്ദ്രമെന്ന പേരിൽ യൂണിറ്റ് പ്രവർത്തിച്ചു തുടങ്ങിയത്.
ഏഴ് മെഷീനുകളിൽ പ്രവർത്തനം
ആരംഭിച്ച കേന്ദ്രത്തിൽ ഇപ്പോൾ24 മെഷീനുകളുടെ സൗകര്യം കൂടി ലഭിക്കുമെന്നും കേരളത്തിൽ സ്ത്രീകൾക്കു മാത്രമായുള്ള
ആദ്യത്തെ ഡയാലിസിസ് യൂണിറ്റാണു താലൂക്ക് ആശുപത്രിയിൽ സജ്ജീകരിക്കുന്നതെന്നും കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന ഡോക്ടർ പി ജി മനോജ് പറഞ്ഞു.