
തൃശൂരിലെ ആദ്യ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ പ്രവർത്തനസജ്ജമായി. വിയ്യൂർ സെൻട്രൽ ജയിലിനു മുന്നിലെ കെ.എസ്.ഇബി ക്വാർട്ടേഴ്സിനു മുന്നിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ ആഭിമുഖ്യത്തിലാണ് ചാർജിംഗ് സ്റ്റേഷൻ സജ്ജമാക്കിയത്. വിയ്യൂരിലെ ചാർജിംഗ് സ്റ്റേഷനിലുള്ളത് 60 കിലോവാട്ട്, 20 കിലോവാട്ട് ശേഷിയുള്ള രണ്ടു ഫില്ലിംഗ് യൂണിറ്റുകളാണ്. ഇന്ത്യയിലിറങ്ങുന്ന എല്ലാ ഇലക്ട്രിക് കാറുകളുടെയും പ്ലഗ് പോയിന്റുകൾ ഇവിടെ ലഭ്യമാണ്.
ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇലക്ട്രിക് വാഹനങ്ങൾക്കു ചാർജിംഗ് സ്റ്റേഷനില്ലാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഒരു വാഹനം പൂർണമായും ചാർജ് ചെയ്യാൻ 60 മിനിറ്റ് മുതൽ 90 മിനിറ്റ് വരെ ആവശ്യമുള്ളൂ. നിശ്ചിത തുകയ്ക്കോ ഭാഗികമായോ ചാർജ് ചെയ്യാനും കഴിയും. വൈദ്യുതിതി യൂണിറ്റ് നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. നിരക്ക് തീരുമാനിച്ചതിനുശേഷം സ്റ്റേഷൻ പൊതുജനങ്ങൾക്കു തുറന്നുകൊടുക്കും..