തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം. തൃശ്ശൂരിലും കൊല്ലത്തും കോട്ടയത്തും ശക്തമായ പ്രതിഷേധം അരങ്ങേറി. കോട്ടയത്ത് ബിജെപി വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. രാവിലെ യുവമോർച്ച പ്രവർത്തകർ എംസി റോഡ് ഉപരോധിച്ചു. ഇതിന് പിന്നാലെ ബിജെപി പ്രവർത്തകരും നഗരത്തിൽ പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കളക്ട്രേറ്റിലേക്ക് എബിവിപി പ്രവർത്തകർ മാർച്ച് നടത്തി.
വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ യുവമോർച്ച, യുത്ത് ലീഗ്, യൂത്ത് കോൺഗ്രസ് എന്നീ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറിയത്. പലയിടത്തും പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തരെ ബലം പ്രയോഗിച്ച് മാറ്റാനും പോലീസ് ശ്രമിച്ചു കോഴിക്കോട് യൂത്ത് ലീഗ് സംഘടിപ്പിച്ച മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്കാണ് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്.
കമ്മീഷണർ ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കമ്മീഷണർ ഓഫീസിന് മുന്നിൽ നിലയുറപ്പിച്ച് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ ഉൾപ്പെടെയാണ് മാർച്ച് സംഘടിപ്പിക്കുന്നത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ വിശദീകരണത്തിൽ ഇഡി ഉദ്യോഗസ്ഥർ തൃപ്തരല്ലെന്നാണ് വിവരം. മന്ത്രിയെ ചോദ്യം ചെയ്യാൻ കസ്റ്റംസും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാ ണ് മന്ത്രിക്കെതിരെ വിവിധയിടങ്ങളിൽ വ്യാപക പ്രതിഷേധം അരങ്ങേറുന്നത്.